പത്മരാജന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍. ചിത്രം പുറത്തിറങ്ങി 37 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങള്‍ ആഘോഷിക്കുന്നു. പാര്‍വതി, സുമലത, ജഗതി, ബാബു നമ്പൂതിരി, അശോകന് തുടങ്ങിയ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പില്ക്കാലത്ത് പ്രശസ്തരായ ജോണ്‍ ബ്രിട്ടാസും ലാല്‍ ജോസും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അധികം ആര്‍ക്കും അറിയില്ല.
സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്ത് ജോണ്‍ ബ്രിട്ടാസ് കേരളവര്‍മ്മ കോളേജില്‍ എം.എക്ക് പഠിക്കുകയായിരുന്നു. ചിത്രത്തില്‍ പാര്‍വതി പഠിക്കുന്ന കോളേജായി കാണിച്ചിരിക്കുന്നത് കേരളവര്‍മ്മ കോളേജാണ്. മോഹന്‍ലാലിന്റെ കഥാപാത്രം പാര്‍വതിയെ ശല്യപ്പെടുത്താന്‍ കോളേജില്‍ വരുന്നതും കോളേജ് വിദ്യാര്‍ത്ഥികള്‍ വരാന്തയിലൂടെ മോഹന്‍ലാലിനെ ഓടിക്കുന്നതുമായ ഒരു രംഗം ചിത്രത്തിലുണ്ട്. ആ ഓടുന്ന കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ജോണ്‍ ബ്രിട്ടാസാണ്. എന്നാല്‍ ക്രൗഡ് ഷോട്ടായിരുന്നത് കൊണ്ട് ജോണ്‍ ബ്രിട്ടാസിനെ തിരിച്ചറിയാന്‍ സാധിക്കില്ല. പിന്നീട് പരദേശി എന്ന സിനിമയില്‍ ഒരു ചെറിയ വേഷവും വെള്ളിവെളിച്ചത്തില്‍ എന്ന ചിത്രത്തില്‍ നായക വേഷവും ജോണ്‍ ബ്രിട്ടാസ് കൈകാര്യം ചെയ്തിട്ടുണ്ട്.
ലാല്‍ജോസ് എസ് എന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പാര്‍ട്ട് ടൈമായി ഒറ്റപ്പാലം രാഗം സ്റ്റുഡിയോയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിങ് ജോലികള്‍ ചെയ്തിരുന്നു. തൂവാനത്തുമ്പികളുടെ ഷൂട്ടിങ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നുണ്ടെന്നും ലൊക്കേഷനില്‍ പത്മരാജനും മോഹന്‍ലാലും സുമലതയും ഉണ്ടെന്നും ലാല്‍ ജോസിന് അറിയാന്‍ സാധിച്ചു. സ്റ്റുഡിയോയില്‍ വെക്കാന്‍ താരങ്ങളുടെ ഒരു ഫോട്ടോ പിടക്കണമെന്ന ഉദ്ദേശത്തില്‍ ക്യാമറമാനെയും കൂട്ടി ലാല്‍ ജോസ് പുറപ്പെട്ടു.
അവിടെ ചെന്നപ്പോള്‍ മോഹന്‍ലാല്‍ ആരെയോ തിരഞ്ഞ് റെയില്‍വേ സ്റ്റേഷനിലൂടെ ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ക്യാമറയുടെ ബാഗുമായി ലാല്‍ ജോസിന്റെ വരവ് കണ്ട ബ്ലെസി (അന്ന് സഹസംവിധായകന്) ട്രെയിനില്‍നിന്ന് ഇറങ്ങുന്ന ഒരാളായി ലാല്‍ ജോസിനെ പിടിച്ചു നിര്‍ത്തി. മോഹന്‍ലാല്‍ കടന്ന് പോകുമ്പോള്‍ ലാല്‍ ജോസിന്റെ തോളത്ത് പിടിച്ച് ദൂരത്തേക്ക് നോക്കുന്നതായിരുന്നു സീന്‍. എന്നാല്‍ ഇന്ന് കാണുന്ന തൂവാനത്തുമ്പികളില്‍ അങ്ങനെയൊരു സീനില്ല. എടുക്കാന്‍ പോകുന്ന സീനിന്റെ റിഹേഴ്സലായിരുന്നു അതെന്നാണ് ലാല്‍ ജോസ് സ്വയം അനുമാനിക്കുന്നത്.
Recent Comments