ദക്ഷിണേന്ത്യയിലെ ഏക ലക്ഷ്മീദേവി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൊല്ലത്തെ പ്രശസ്തമായ മേജര്‍ ലക്ഷ്മിനട ക്ഷേത്രം. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളും പ്രശസ്തമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ദേവീനാമത്തില്‍ വിദ്യാവാണീ പുരസ്കാരം ഏര്‍പ്പെടുത്തണം എന്നൊരു നിര്‍ദ്ദേശം വയ്ക്കുന്നത് അന്ന് രാജ്യസഭാ എം.പി. കൂടിയായ നടന് സുരേഷ് ഗോപിയാണ്. ക്ഷേത്ര കമ്മിറ്റി ആ തിരുമാനം ഏകകണ്ഠമായി അംഗീകരിച്ചു. ആദ്യ വിദ്യാവാണീ പുരസ്കാരം ആര്‍ക്ക് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അതിന് ഉത്തരം തന്നതും സുരേഷ് ഗോപിയായിരുന്നു- കെ.ജി. ജയന്. സംഗീതത്തിന് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച കെ.ജി. ജയനോളം തലയെടുപ്പുള്ള സംഗീതജ്ഞന് ആ പുരസ്കാരം നല്കുന്നതില് ആര്‍ക്കും എതിരഭിപ്രായങ്ങളുമില്ലായിരുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുന്നതിനും ചടങ്ങിലേയ്ക്ക് ക്ഷണിക്കുന്നതിനുമുള്ള ഉത്തരവാദിത്തം എന്നിലേയ്ക്കാണ് വന്നുചേര്‍ന്നത്.
ജയന് മാസ്റ്ററുടെ നമ്പര്‍ എന്റെ കൈവശം ഉണ്ടായിരുന്നില്ല. പകരം മകന് കൂടിയായ മനോജ് കെ. ജയനെയാണ് വിളിച്ചത്. പ്രഥമ വിദ്യാവാണീ പൂരസ്കാരം അച്ഛന് ആണെന്നുള്ള വിവരം അദ്ദേഹത്തെ ധരിപ്പിക്കുമ്പോള്‍ മനോജും സന്തോഷത്തിലായിരുന്നു. അച്ഛനുമായി സംസാരിച്ചിട്ട് തിരിച്ച് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞ് ജയന് തിരിച്ചു വിളിച്ചു. പുരസ്കാരം ഏറ്റുവാങ്ങാന്‍ അച്ഛന് എത്തുമെന്നും സുരേഷ് ഗോപിയില്‍നിന്ന് ആ അവാര്‍ഡ് ഏറ്റുവാങ്ങുന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും അച്ഛന് പറഞ്ഞതായി മനോജ് അറിയിച്ചു.
മഹാനവമി ദിവസത്തിലായിരുന്നു പുരസ്കാര സമര്‍പ്പണം. ഉച്ചയോടെ അദ്ദേഹം കൊല്ലത്തെത്തി. കൊല്ലത്തെ പ്രശസ്തമായ ഹോട്ടലില്‍ അദ്ദേഹത്തിന് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. പുരസ്കാരം സ്വീകരിക്കാന്‍ പറഞ്ഞതിലും നേരത്തേതന്നെ അദ്ദേഹം ക്ഷേത്രനടയില്‍ എത്തി. അമ്മയെ കണ്ട് പ്രാര്‍ത്ഥിച്ചു. അന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു നടന്നിരുന്നത്. ജയന് മാസ്റ്ററെ സദസ്സിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവന്നത് സുരേഷ് ഗോപിക്കൊപ്പം ഞാനും ചേര്‍ന്നായിരുന്നു. അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
അന്ന് അവാര്‍ഡ് സ്വീകരിച്ചശേഷം അദ്ദേഹം ഗംഭീരമായ പ്രഭാഷണം നടത്തി. വാക്കുകള്‍ കൊണ്ടായിരുന്നില്ല, അക്ഷരാര്‍ത്ഥത്തില്‍ അതൊരു സംഗീതാര്‍ച്ചനയായിരുന്നു. ശാരീരിക വൈഷമ്യങ്ങളൊന്നും അദ്ദേഹത്തെ അപ്പോള്‍ തൊട്ടുതീണ്ടിയിരുന്നില്ല എന്ന് തോന്നി. ക്രച്ചസിന്റെ സഹായവും അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. ഘനഗാംഭീര്യമാര്‍ന്ന ശബ്ദം. സ്വരരാഗസുധയുടെ പ്രവാഹം. സദസ്സ് ആ ഗാനനിര്ദ്ധരിയില് കോരിത്തരിച്ചിരിക്കുകയാണ്. ആ സംഗീതം നിലയ്ക്കരുതേ എന്ന് ഓരോരുത്തരും ആഗ്രഹിച്ചുപോയ നിമിഷം. സംഗീതം എങ്ങനെയാണ് ഒരു മനുഷ്യനെ ആഴത്തില്‍ സ്വാധീനിക്കുന്നതെന്ന് നേരിട്ട് ബോധ്യപ്പെടുകയായിരുന്നു. മഹാവ്യാധികള്ക്കുപോലുമുള്ള സിദ്ധൗഷധമത്രെ സംഗീതം. ആ സംഗീതത്തിന്റെ പരമകോടിയില്‍ ആറാടിയിരുന്ന ആ മഹാനുഭാവന് എന്നും തുണ ആ നാദം മാത്രമായിരുന്നു.
ഇന്ന് രാവിലെ ആ ദുഃഖവാര്‍ത്ത കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. പെട്ടെന്നുതന്നെ മനോജ് കെ. ജയനെ വിളിച്ചു. അദ്ദേഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ആ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
കെ.ജി. ജയന് എന്ന സംഗീതജ്ഞനില്‍നിന്ന് നാദം അടര്‍ന്നു മാറിയിരിക്കുന്നു. ഇനിയും ആ നാദം ഒഴുകും, ജയന്മാഷില്ലാതെ.
കെ. സുരേഷ്
Recent Comments