വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ സിനിമയെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രം പഴയ കാലത്തെ ഓർമിപ്പിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്.ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. “താങ്ക്യൂ സോ മച്ച് ലാൽ അങ്കിൾ” എന്ന് വിനീത് ശ്രീനിവാസനും പോസ്റ്റിൽ കമൻ്റ് ചെയ്തു .
”കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. ” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് .
Recent Comments