മോഹന്‍ലാലിനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 22 ന് തൊടുപുഴയില്‍ ആരംഭിക്കും. ആ ദിവസംതന്നെ ലാലും സെറ്റില്‍ ജോയിന്‍ ചെയ്യും. 80 ദിവസത്തെ വര്‍ക്കാണ് തൊടുപുഴയില്മാത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ലാലിന്റെ നായികയായി ശോഭന എത്തുന്നവിവരം അവര്‍തന്നെയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അനൗണ്‍സ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇവരുടെ ഒത്തുചേരലിനെ മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ 56 ചിത്രങ്ങളില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നുള്ള ശോഭനയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പും വൈറലാവുകയാണ്. ഇരുവരും 25 ചിത്രങ്ങളിലേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ എന്ന് അവരുടെ ചിത്രങ്ങളുടെ പേരുകള്‍ സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പുതിയ വാദമുഖം ഉയര്‍ത്തിയിരിക്കുന്നത്. ഈ തര്‍ക്കങ്ങള്‍ ഒരു വശത്ത് മുറുകുന്നതിനിടെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍. ലാലിനെയും ശോഭനെയും കൂടാതെ മണിയന്‍പിള്ള രാജു, ഫര്ഹാന് ഫാസില്‍, ബിനു പപ്പു എന്നിവരും താരനിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടുതല്‍ താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് നിര്‍മ്മാതാവ് എം. രഞ്ജിത്ത് കാന്‍ ചാനലിനോട് പറഞ്ഞു.
ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് ലാല്‍ ചെയ്യുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതും ശരിയല്ലെന്ന് രഞ്ജിത്ത് പറഞ്ഞു.
‘ഓട്ടോ ഡ്രൈവറല്ല, ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷമാണ് ലാലേട്ടന് അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ എന്നുള്ളത് ആരുടെ സൃഷ്ടിയാണെന്ന് അറിയില്ല.’ രഞ്ജിത്ത് പറഞ്ഞു.
രജപുത്ര വിഷ്വല്‍സിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മ്മിക്കുന്ന 14-ാമത്തെ ചിത്രം കൂടിയാണ് ഇത്.
Recent Comments