തൊട്ടുമുമ്പ് നിര്‍മ്മാതാവ് എന്‍.എം. ബാദുഷയെ വിളിക്കുമ്പോള്‍ അദ്ദേഹം ഹൈദരാബാദിലെ എസ്.ജെ. സൂര്യയുടെ വീട്ടില്‍നിന്ന് ഇറങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. ബാദുഷയ്ക്കൊപ്പം സംവിധായകന് വിപിന്‍ദാസും ബാദുഷയുടെ അടുത്ത് സുഹൃത്തുക്കളുമുണ്ടായിരുന്നു. എസ്.ജെ. സൂര്യയോട് കഥ പറയാന്‍ എത്തിയതായിരുന്നു അവര്‍. കഥയും കഥാപാത്രവും സൂര്യയ്ക്ക് ഇഷ്ടമായി. പടം കമ്മിറ്റ് ചെയ്തു. അഡ്വാന്‍സും നല്കി. അതിന് പിന്നാലെയാണ് ഞങ്ങളുടെ കോള്‍ ബാദുഷയെ തേടിയെത്തുന്നത്.
നേരത്തെതന്നെ ബാദുഷ സിനിമാസിന്റെ ബാനറില്‍ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ അനൗണ്‍സ്മെന്റ് നടന്നിരുന്നു. ഫഹദ് ഫാസിലാണ് നായകന്. ഒരു പക്കാ മാസ് എന്റര്ടെയ്നര്. അതാണ് ഇത്തവണത്തെ വിപിന്‍ ചിത്രത്തിന്റെ ഹൈലൈറ്റും. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണ്. ബാദുഷ സിനിമാസാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രവും ഇതുതന്നെ.
ഇതിന്റെ മേജര്‍ കാസ്റ്റിംഗിന്റെ ഭാഗമായിട്ടാണ് അവര്‍ ഹൈദരാബാദിലെത്തി എസ്.ജെ. സൂര്യയെ കാണുന്നതും പ്രോജക്ട് കമ്മിറ്റ് ചെയ്യിപ്പിച്ചതും. വരും ദിവസങ്ങളില്‍ താരനിര്‍ണ്ണയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തരാം. ഈ വര്‍ഷംതന്നെ ഷൂട്ടിംഗും ഉണ്ടാകും. ബാദുഷ പറഞ്ഞു.
എസ്.ജെ. സൂര്യ ആദ്യമായി അഭിനയിക്കുന്ന മലയാളസിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് എസ്.ജെ. സൂര്യ. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം ഫഹദിനോടൊപ്പമാണെന്നുള്ളതും പ്രോജക്ടിന്റെ ഹൈപ്പ് കൂട്ടുന്നതാണ്.
Recent Comments