ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വിവരം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ എഴ് മില്യണില്കൂടുതല് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്.
1982-ല്‍ പുറത്തിറങ്ങി രജിനി തന്നെ അഭിനയിച്ച രംഗ എന്ന ചിത്രത്തിലെ ‘അപ്പാവും താത്താവും’ എന്ന ഡയലോഗാണ് ടീസറില്‍ രജനി പറയുന്നത്. എന്നാല്‍ ഈ ഡയലോഗ് 1979-ലെ നിനൈത്തലേ ഇനിക്കും എന്ന കെ. ബാലചന്ദ്രര്‍ ചിത്രത്തില്‍ രജനി പാടി അഭിനയിച്ച ശംഭോ ശിവ ശംഭോ എന്ന ഗാനത്തിന്റെ വരികളില്‍നിന്ന് എടുത്തിട്ടുള്ളതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ റെഫറന്‍സിന്റെ റെഫറന്‍സാണ് കൂലി ടീസറില്‍ അടങ്ങിയിരിക്കുന്നത്. ടീസറിന്റെ അവസാന ഭാഗത്തില്‍ D.I.S.C.O ഡിസ്ക്കോ എന്ന പശ്ചാത്തല സംഗീതവും കേള്‍ക്കാന്‍ കഴിയും. അത് എടുത്തിട്ടുള്ളതാകട്ടെ രജനീകാന്ത് നായകനായ തങ്കമകന് എന്ന ചിത്രത്തിലെ വാ വാ പക്കം വാ എന്ന ഗാനത്തിലെ ഈരടിയാണിത്. ഇളയരാജയാണ് ആ പഴയ ഗാനത്തിനും സംഗീതം നല്‍കിയിട്ടുള്ളത്.
തന്റെ സിനിമകള്‍ക്കായി പഴയ ഗാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ലോകേഷ് ഒരു വിദഗ്ദ്ധനാണ്. കൈതിയിലെ ഒരു രംഗത്തില്‍ ഇളയരാജയുടെ ആസൈ അതികം വെച്ചു എന്ന ഗാനം സീന്‍ ബില്‍ഡപ്പ് ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. മാസ്റ്ററില്‍ മാളവിക മോഹനന് സലൂണ്‍ കടയില്‍ പതുങ്ങിയിരിക്കുന്ന ഒരു സീനില്‍, പുതു നെല്ലു പുതു നാത്ത് എന്ന ചിത്രത്തിലെ ഇളയരാജയുടെ കറുത്ത മച്ചാന് എന്ന ഗാനം പശ്ചാത്തലത്തില്‍ വരുന്നുണ്ട്. 1986 – ലെ വിക്രത്തിലെ ഇളയരാജയുടെ പാട്ടാണ് റീമിക്സ് ചെയ്ത് ലോകേഷ് പുതിയ വിക്രത്തില്‍ തീം സോങ്ങായി ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോള്‍ കൂലിയുടെ ടീസറിലും ഇളയരാജ സംഗീതം കടന്നു വരുന്നു. വിക്രം പോലെ തന്നെ രജനിയുടെ പഴയ ഏതെങ്കിലും സിനിമയുടെ ആത്മാംശമുള്ള പിന്‍ഗാമിയാണോ ലോകേഷിന്റെ കൂലി എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തീ, ഉഴൈപ്പാളി, മന്നന്, മുള്ളും മലരും തുടങ്ങിയ ചിത്രങ്ങളിലാണ് രജനി കൂലിയായി അഭിനയിച്ചിട്ടുള്ളത്. ടീസറില്‍ രജനികാന്ത് കൈയില്‍ ഒരു ബാഡ്ജ് ധരിച്ചിരിക്കുന്നതായി കാണാം, ഇത് തീ എന്ന ചിത്രത്തിന്റെ റെഫറന്‍സാണ്. 786 എന്ന സംഖ്യ ആലേഖനം ചെയ്തിരിക്കുന്ന ഒരു ബാഡ്ജ് ധരിച്ചാണ് 1981-ലെ തീയില്‍ രജനി പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ക്രിട്ടിക്സിന്റെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങളും ലോകേഷിനും ടീസറിനും നേരിടേണ്ടി വരുന്നുണ്ട്. പൂര്‍വികരുടെ കലാസൃഷ്ടിയെ മുതലെടുത്തു കൊണ്ട് ഹൈപ്പ് സൃഷ്ടിക്കുന്നത് വിലകുറഞ്ഞ വിദ്യയാണെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ ഇത് പഴമയുടെ ഉണര്‍ത്ത് പാട്ടാണെന്ന് ലോകേഷ് ആരാധകവൃന്ദം. അതിനിടയില്‍ റോളെക്സിനെ ഭൂതക്കണ്ണാടിയിലൂടെ തപ്പി പിടിക്കുകയാണ് സൂര്യ ഫാന്‍സ് ഘടകം. സിനിമയുടെ മുടി മുതല്‍ നഖം വരെ റെഫറന്‍സുകളെ തേടുന്ന സിനിമാപ്രേമികള്‍ പഴയ തലമുറ സിനിമക്കാര്‍ക്ക് ഏതായാലും കൗതുക കാഴ്ച തന്നെയാണ്. ഈ തിരച്ചിലുകള്‍ക്ക് എല്ലാം ശേഷവും ഒരു ചോദ്യം ബാക്കി നില്ക്കുന്നു. ‘ഈ ചിത്രം LCU ആണോ അല്ലയോ?’
Recent Comments