സൂരജ് ടോമിന്റെ മൂന്നാമത്തെ ചിത്രം. സൂരജ് – ജിത്തു ദാമോദര്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം. സംഗീത സംവിധായകന് ആനന്ദ് മധുസൂദനന് തിരക്കഥ എഴുതുന്ന ആദ്യ ചിത്രം. ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ ചുരുക്കി എഴുതാം.
സൂരജ് ടോമിനെ നിങ്ങള്‍ അറിയും. പാവയുടെയും എന്റെ മെഴുകുതിരി അത്താഴങ്ങളുടെയും സംവിധായകനാണ്. സൂരജിന്റെ മെഴുകുതിരി അത്താഴത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് ജിത്തു ദാമോദരായിരുന്നു. കൃഷ്ണന്‍കുട്ടിക്കുവേണ്ടി ആ ടീം ഒരുമിക്കുമ്പോള്‍ മറ്റൊരു വിസ്മയം നമുക്ക് പ്രതീക്ഷിക്കാം.
പാവയിലെ പോപ്പുലറായ ആ ഗാനം നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ.
‘പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചില്‍ ബാന്റടി മേളം’
അതിനുമുമ്പും പല സിനിമകള്‍ക്കുവേണ്ടി (മോളിആന്റിറോക്സ്, വീപിംഗ് ബോയ്, മത്തായി കുഴപ്പക്കാരനാണ്) ഈണം പകര്‍ന്നിട്ടുണ്ടെങ്കിലും ആനന്ദിനെ സംഗീത പ്രേമികള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ഈ ഗാനത്തിന്റെ പിറവിയോടെയാണ്. അടിമുടി സംഗീതക്കാരനായ ആനന്ദ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി.
‘ബ്രില്യന്റ് സ്ക്രിപ്റ്റ്’ എന്നാണ് ആനന്ദിന്റെ രചനയെ സംവിധായകനും ക്യാമറാമാനും താരങ്ങളും ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ അതിനുള്ള ഫുള്‍ ക്രെഡിറ്റും സംവിധായകന് നല്‍കുകയാണ് ആനന്ദ്.
‘എഴുതാന്‍ സ്വതേ മടിയുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ പിടിച്ചിരുത്തി എഴുതിപ്പിച്ചത് സൂരജേട്ടനാണ്.’
വിഷ്ണു ഉണ്ണികൃഷ്ണന്, സാനിയ ഇയ്യപ്പന്‍, വിജിലേഷ്, സന്തോഷ് ദാമോദരന്‍, അഭിജ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരനിരക്കാര്‍.
അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് വലിയ മതിപ്പാണ് സംവിധായകന് സൂരജ് ടോമിന്.
‘അധികം അഭിനേതാക്കളൊന്നും ചിത്രത്തിലില്ല. പക്ഷേ ഉള്ളവരെല്ലാം പ്രകടനംകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞവരാണ്. എടുത്ത് പറയേണ്ടത്, ആക്ഷന്‍ രംഗങ്ങളിലെ അവരുടെ അര്‍പ്പണബോധമാണ്. ഒരഭിനേതാവും ഡ്യൂപ്പ് ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. ഞങ്ങള്‍ ചെയ്തുനോക്കാം എന്നാണ് എല്ലാവരും പറഞ്ഞത്. വളരെ അപകടകരമായ ഷോട്ടുകളില്പോലും സേഫ്റ്റി മെഷേഴ്സ് ഉപയോഗിക്കാതെയാണ് അവര്‍ പങ്കെടുത്തത്. അഷ്റഫ് ഗുരുക്കളാണ് ഫൈറ്റ് മാസ്റ്റര്‍. ഒട്ടും സിനിമാറ്റിക്കല്ല ഈ ചിത്രത്തിലെ ഫൈറ്റുകളൊന്നും.’
ടൈറ്റിലില്‍ നിഴലിച്ചു കാണുന്നതുപോലെ ഒരു ഹ്യൂമറിന്റെ അംശം കഥ പറച്ചിലിലും ഉണ്ട്. പക്ഷേ അടിസ്ഥാനപരമായി ഇതൊരു ഹൊറര്‍-ത്രില്ലര്‍ ആണ്. ഡാര്‍ക്ക് ഷെയ്ഡിലുള്ള ചിത്രം. ഈ ഗണത്തില്‍പ്പെട്ടൊരു ചിത്രത്തില്‍ സംവിധായകനും താരങ്ങളും ഭാഗമാകുന്നതും ഇതാദ്യമാണ്. അതിന്റെ നോവല്റ്റിയും ചിത്രത്തിന് അവകാശപ്പെടാം.
നോബിള്‍ ജോസ് ആണ് സിനിമയുടെ നിര്‍മ്മാതാവ്. എന്റെ മെഴുകുതിരി അത്താഴത്തിന്റെയും നിര്‍മ്മാതാവ് നോബിളായിരുന്നു. സൂരജും നോബിളും സഹപാഠികളുമാണ്. സുജിത്ത് നായരാണ് കോ-പ്രൊഡ്യൂസര്‍. ബാദുഷ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും. റിച്ചാര്‍ഡ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. കലാസംവിധാനം ബാവ.
Recent Comments