ഇന്ന് വിട പറഞ്ഞ ഹരികുമാരിന്റെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാല്‍ നിസംശയം സുകൃതമാണെന്ന് പറയാം. പുലി വരുന്നേ പുലി, അയനം, ആമ്പല്‍പ്പൂവ്, എഴുന്നള്ളത്ത്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി നില്ക്കുന്ന സമയത്താണ് ഹരികുമാര്‍ സുകൃതം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സുകൃതം. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് എംടി വാസുദേവന്‍ നായര്‍ ആയിരുന്നു.
എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ഏതു സംവിധായകനേയും എന്നപോലെ ഹരികുമാറിന്റെയും സ്വപ്നമായിരുന്നു. മൂന്നു വര്‍ഷത്തെ നീണ്ട പരിശ്രമമാണ് ഒടുക്കം സുകൃതത്തില്‍ ചെന്ന് എത്തിയത്.
എം.ടി ആദ്യം ആലോചിച്ച കഥ 52 സീന്‍ വരെ എഴുതിയതാണ്. അത് ഹരികുമാര്‍ വായിച്ചു കൊണ്ടിരിക്കെ എം.ടി തന്നെ പറഞ്ഞു. ‘ഇത് ശരിയാവില്ല, നമുക്ക് വേറൊരെണ്ണം ആലോചിക്കാം’ ‘പിന്നെയും ഒരു വര്‍ഷം കഴിഞ്ഞപ്പോ ഹരികുമാറിനെ തിരുവനന്തപുരത്തേക്ക് എംടി വിളിപ്പിച്ചു. മരണം പ്രതീക്ഷിച്ച് കഴിഞ്ഞൊരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി എന്ന് രണ്ട് വരിയിലൊരു കഥ എംടി പറഞ്ഞു. ഇത് മതി സാര്‍ എന്നു ഹരികുമാറും പറഞ്ഞു.
കുറച്ച് ദിവസം കഴിഞ്ഞപ്പോ വീണ്ടും ഹരികുമാറിന് വിളി വന്നു. അപ്പോഴേക്കും മനസില്‍ എം ടി കഥയ്ക്ക് ഒരു രൂപം കൊടുത്തു കഴിഞ്ഞിരുന്നു. നായകന് രവിശങ്കറിന് ഭാര്യയും കാമുകിയും ഒക്കെയായി കഥാപാത്രങ്ങള്‍ പലരും ഉണ്ടായി വന്നു. എട്ടു ദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയായി. ആശുപത്രിയില്‍ ആയിരുന്നു അന്ന് കഥയുടെ നല്ലൊരു ഭാഗം. ശാന്തികൃഷ്ണയുടെ കഥാപാത്രം നഴ്സ് ആയിരുന്നു. ആശുപത്രി വല്ലാതെ വരുമ്പോള്‍ ഒരു മടുപ്പ് ഉണ്ടാക്കുമെന്ന് ഒരു അഭിപ്രായം എരികുമാര് പറഞ്ഞു.
അത് പിന്നീട് മരണം പ്രതീക്ഷിച്ചു കഴിയുന്ന ആള് അന്ത്യാഭിലാഷം എന്ന പോലെ തന്റെ നാട്ടിന്പുറത്തേക്ക് യാത്രയാവുന്നു എന്നാക്കി. അവിടെ ശുദ്ധവായു ശ്വസിച്ച് സമാധാനം ആഗ്രഹിച്ച് കഴിയുന്ന അയാളുടെ ജീവിതം, രോഗശയ്യയില്‍ നിന്ന് ഉമ്മറത്തേക്കും തൊടിയിലേക്കും ഒക്കെ കൊണ്ടുവന്ന് വിഷ്വല്‍ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഹരികുമാര്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.
ചെങ്കോട്ട റെയില്‍വേ തുരങ്കത്തിലായിരുന്നു ക്ലൈമാക്സാണ് ചിത്രീകരിച്ചത്. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് അങ്ങനെയൊരു സീന്‍ തുരങ്കത്തിലേക്ക് നടന്നു മറയുന്ന കഥാപാത്രത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പണ്ട് കോട്ടയം വഴി പോവുമ്പോ കോട്ടയം സ്റ്റേഷന് അടുത്തുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാവുന്ന ഒരു അങ്കലാപ്പ് ആണ് ആ സീന്‍ കയ്യില്‍ കിട്ടിയപ്പോ ഹരികുമാറിന്റെ മനസിലൂടെ കടന്നു പോയത്. കഥയില്‍ ആറുമാസം കൊണ്ട് നടക്കുന്ന ചികിത്സയും അസുഖം ഭേദമാവുന്നതും പത്ത് മിനിറ്റുകൊണ്ട് ആവിഷ്കരിക്കുക, മൊത്തത്തില്‍ കഥ പ്രേക്ഷകരെ കൊണ്ട് കണ്‍വിന്‍സ് ചെയ്യിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഹരികുമാര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്.
സുകൃതം എന്ന പേര് എം.ടി മാധ്യമത്തില്‍ എഴുതിയ കഥയുടെ പേരായിരുന്നു. മഹായാനം പോലുള്ള പേരുകള്‍ ചിത്രത്തിന് പലരും ആദ്യം നിര്‍ദ്ദേശിച്ചതാണ്. അപ്പോഴാണ് മാധ്യമത്തില്‍ വന്ന കഥ ഹരികുമാറിന് ഓര്‍മ്മ വന്നത്. അതും ഈ സിനിമയുമായി ഒരു ബന്ധവും ഇല്ലെങ്കിലും ഈ കഥയ്ക്ക് എന്തുകൊണ്ടും സുകൃതം ആയിരിക്കും നല്ലതെന്ന് ഹരികുമാറിന് തോന്നി. അങ്ങനെ സുകൃതം എന്ന പേര് ഉറപ്പിച്ചു. ചിത്രത്തിന്റെ റിലീസിന് ശേഷം ഹരികുമാര്‍ വീട് വെച്ചപ്പോള്‍ വീടിനിട്ട പേരും സുകൃതം എന്ന് തന്നെയായിരുന്നു.
അറ്റ്ലസ് രാമചന്ദ്രന് ആയിരുന്നു സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. മമ്മൂട്ടിയ്ക്ക് പുറമെ ഗൗതമി, ശാന്തി കൃഷ്ണ, മനോജ് കെ ജയന്, നരേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ നേടിയ സിനിമ ആ വര്‍ഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു സുകൃതത്തിലെ രവി ശങ്കര്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇന്നും നിലനില്ക്കുന്നു.
Recent Comments