അക്കൂസേട്ടനേയും ഉണ്ണിക്കുട്ടനേയുമെല്ലാം മലയാളിക്കു പ്രിയങ്കരനാക്കിയ സംവിധായകനാണ് സംഗീത് ശിവന്. യോദ്ധ എന്നൊരൊറ്റ ചിത്രം മതി, സംഗീത് ശിവനെ മലയാളി എന്നും ഓര്‍ത്തിരിക്കാന്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വ്യത്യസ്തതയെ കുറിച്ച് ചോദിച്ചപ്പോള്‍, ‘എനിക്ക് വില്ലേജ് ലൈഫ് അറിയില്ല, സാങ്കല്പികമാണ് എന്റെ ചിത്രങ്ങള്‍. യാഥാര്ത്യവുമായി ബന്ധമുണ്ടാവില്ല.’ എന്നാണ് മറുപടി നല്‍കിയത്.
കുംഫുവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യണമെന്ന ആഗ്രഹമായിരുന്നു സംഗീത് ശിവന് ഉണ്ടായിരുന്നത്. പിന്നീട് ഹോളിവുഡ് ചിത്രമായ ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആഖ്യാനമായി യോദ്ധ മാറി. ചിത്രത്തിനായി സംഗീത് നേപ്പാളില്‍ പോയി താമസിച്ച് രീതികള്‍ മനസ്സിലാക്കി. അലക്സ് കടവിലിന്റെയും ശശിധരന് ആറാട്ടുവഴിയുടെയും സഹായത്തോടെ അദ്ദേഹം തിരക്കഥ ഒരുക്കി. മലയാളത്തിന് അത്ര കേട്ടുപരിചയമില്ലാത്ത ബുദ്ധിസത്തിനൊപ്പം ബ്ലാക്ക് മാജിക്, നന്മ-തിന്മ പോരാട്ടം, ഹാസ്യം, ആക്ഷന്‍, സംഗീതം എന്നിവയെല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്താണ് യോദ്ധ ഒരുക്കിയത്. 27-ാം വയസ്സിലാണ് സംഗീത് ശിവന് യോദ്ധ ഒരുക്കുന്നത് എന്നതും പ്രസക്തമാണ്.
എ.ആര്. റഹ്മാന് സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യ മലയാളചിത്രമായിരുന്നു യോദ്ധ. റഹ്മാന് അന്ന് പരസ്യചിത്രങ്ങളുടെ സംഗീത സംവിധായകനായിരുന്ന ദിലീപാണ്. കൊല്ലത്തെ റൂബി സ്വീറ്റ്സിനു വേണ്ടി ഒരു പരസ്യചിത്രം സംഗീത് ശിവന് സംവിധാനം ചെയ്തപ്പോള്‍ അതിന് ജിംഗിള്‍സ് ഒരുക്കാന്‍ ദിലീപിനെയായിരുന്നു അദ്ദേഹം നിയോഗിച്ചത്. ജിംഗിള്‍സ് ഒരുക്കുന്നതിനിടയില്‍ റോജയിലെ ചിന്ന ചിന്ന ആസൈ എന്ന പാട്ട് സംഗീതിന് ദിലീപ് കേള്‍പ്പിച്ചു കൊടുത്തു.
യോദ്ധയില്‍ ആദ്യം പാട്ട് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. പുതിയ ആള്‍ക്കാരെ സിനിമയിലേക്ക് കൊണ്ടുവരുന്നതില്‍ എന്നും സംഗീതിന് വളരെ താത്പര്യമുള്ളൊരു കാര്യമായിരുന്നു. യോദ്ധയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ഇങ്ങനെയൊരു സംഗീതജ്ഞന്റെ കാര്യം സംഗീത് പ്രൊഡ്യൂസര്‍മാരോട് പറഞ്ഞു. റഹ്മാന്റെ ചില പാട്ടുകള്‍ നിര്‍മാതാക്കള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തു. അങ്ങനെയാണ് യോദ്ധയുടെ സംഗീതം എ.ആര്. റഹ്മാനെ ഏല്പിക്കുന്നത്.
അന്ന് ഒരു സംഗീത സംവിധായകനെ നിശ്ചയിച്ചാല്‍ ഹാര്‍മോണിയത്തില്‍ ഒരു രാഗം മൂളി, റിഥം കണ്ടെത്തി പാട്ടും എഴുതി രണ്ടോ മൂന്നോ ദിവസംകൊണ്ട് പാട്ടെല്ലാം തീര്‍ക്കുമായിരുന്നു. പക്ഷേ, റഹ്മാന്റെ സ്ഥിതി അതല്ല. കഥ മുഴുവന്‍ കേള്‍ക്കണം. സിറ്റുവേഷന് പ്രത്യേകം പറയണം. ശേഷം അഞ്ചോ ആറോ ദിവസമെടുത്ത് മൂന്നാല് ട്യൂണുകള്‍ കേള്‍പ്പിക്കും. അത് ഹാര്‍മോണിയത്തില്‍ തലോടി ചുമ്മാ ഒരു ഗാനമായിരിക്കില്ല. ഏതാണ്ട് ഫുള്‍ ഓര്ക്കസ്ട്രേഷനോടുകൂടിയൊരു ഗാനമായിരിക്കും.
‘കുനു കുനെ…’ എന്ന പാട്ടാണ് ആദ്യം ഉണ്ടാക്കിയത്. അതുപ്രകാരം നേപ്പാളില്‍ പോയി സോങ്ങ് ഷൂട്ട് ചെയ്തു. തിരിച്ചെത്തി റഹ്മാന് ഫൈനല്‍ വേര്‍ഷന്‍ തന്നപ്പോള്‍ അതില്‍ ഒരുപാട് ഇംപ്രവൈസേഷനുകള്‍ വന്നിരിക്കുന്നു. ഇതാദ്യമേ കിട്ടിയിരുന്നെങ്കില്‍ കുറേക്കൂടി ഷോട്ടുകള്‍ എടുക്കാമായിരുന്നില്ലേ എന്നു സംഗീത് ശിവന് ചോദിച്ചു. പിന്നെ ഓരോന്നിന്റെയും ലേറ്റസ്റ്റ് വേര്‍ഷന്‍ തരുമ്പോ അതിലെന്ത് സര്‍പ്രൈസാണ് റഹ്മാന് ഒരുക്കിയിരിക്കുന്നതെന്ന് ആലോചിച്ചാണ് സംഗീത് ശിവന് പാട്ട് കേള്‍ക്കാനിരുന്നത്.
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ.
നാലു സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മോഹന്‍ലാലും ജഗതി ശ്രീകുമാറും ഉര്‍വശിയും സിദ്ധാര്‍ത്ഥ് ലാമയും മാധുവും ഒടുവിലും മീനയും അടക്കമുള്ളവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
Recent Comments