എ.ആര്. മുരുകദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാര്‍ത്തികേയനാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നായകന്. ശിവകാര്‍ത്തികേയന്റെ 23-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി ബിജുമേനോനും ഇപ്പോള്‍ ചെന്നൈയിലാണുള്ളത്.
ബിജുമേനോന് അഭിനയിക്കുന്ന 9-ാമത്തെ തമിഴ് ചിത്രം കൂടിയാണ് ഇത്. ഷാഫി സംവിധാനം ചെയ്ത മജയിലൂടെയാണ് അരങ്ങേറ്റം. ഷാഫി തന്നെ സംവിധാനം ചെയ്ത തൊമ്മനും മക്കളും എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് മജ. തുടര്‍ന്ന് ജൂണ്‍ 6, തമ്പി, അരസാങ്കം, അലിബാബ, പോര്‍ക്കളം തുടങ്ങിയ ചിത്രങ്ങളിലും ബിജുമേനോന് അഭിനയിച്ചു. പോര്ക്കളത്തിനുശേഷം നിരവധി തമിഴ് ചിത്രങ്ങള്‍ ബിജുവിനെ തേടിയെത്തിയിരുന്നെങ്കിലും സെലക്ടീവാകുന്നതിന്റെ ഭാഗമായി മാറി നില്‍ക്കുകയായിരുന്നു. മുരുകദോസിന്റെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബിജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എ.ആര്. മുരുകദോസിനും ശിവകാര്‍ത്തികേയനുമൊപ്പം ബിജുമേനോന് ഇതാദ്യമാണ്.
ജിസ്ജോയ് സംവിധാനം ചെയ്ത തലവന്റെ റിലീസ് 23 ന് നടക്കാനിരിക്കെയാണ് തമിഴ് ചിത്രത്തിന്റെ തിരക്കുകളിലേയ്ക്ക് ബിജു ഇപ്പോള്‍ മടങ്ങിയിരിക്കുന്നത്. ഈ മാസം 21 വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും.
Recent Comments