രണ്ടാമത്തെ റിങ്ങിന് അഖില്‍ സത്യന് ഫോണ്‍ എടുത്തു. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു വിളിച്ചത്.
‘സ്ക്രീന്‍ പ്ലേ പൂര്‍ത്തിയായി. ഇനി സംഭാഷണങ്ങള്‍ എഴുതിത്തുടങ്ങണം.’ ആമുഖമായി അഖില്‍ പറഞ്ഞു.
‘ഒരു തനി നാട്ടിന്‍പുറത്ത് നടക്കുന്ന കഥയാണ്. അങ്ങനെയൊരു സിനിമ ചെയ്യണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഒരു നടന്ന സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഥ എഴുതിയിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡിയാണ്. ഒപ്പം ഫാന്റസിയുടെ എലമെന്റുണ്ട്.’ അഖില്‍ തുടര്‍ന്നു
‘എന്നെ ആദ്യമായി വിളിക്കുന്ന ഒരു താരം നിവിനാണ്. എന്നോട് ഒരു സിനിമ ചെയ്യണമെന്ന് പറയുന്നതും അയാളാണ്. പാച്ചുവും അത്ഭുതവിളക്കും സത്യത്തില്‍ നിവിനുവേണ്ടി എഴുതിയ സിനിമയായിരുന്നു. അയാളെ കണ്ടുകൊണ്ടാണ് തിരക്കഥയുടെ ആദ്യ പകുതി എഴുതി പൂര്‍ത്തിയാക്കിയതും. പക്ഷേ, മറ്റൊരു ചിത്രത്തിന്റെ തിരക്കില്‍ പെട്ടുപോയതിനാല്‍ പകരക്കാരനായി ഫഹദ് എത്തുകയായിരുന്നു. ഫഹദുമായുള്ള സൗഹൃദമാണ് അയാളെ ഞങ്ങളുടെ സിനിമയില്‍ എത്തിച്ചത്. പിന്നീട് ഫഹദിനുവേണ്ടി തിരക്കഥ മുഴുവനും മാറ്റി എഴുതുകയായിരുന്നു.’
‘രണ്ടാമത്തെ ചിത്രത്തിലെ നായകനായി നിവിനെത്തന്നെ കിട്ടിയതില്‍ സന്തോഷവുമുണ്ട്. ഹ്യൂമര്‍ നന്നായി കൈകാര്യം ചെയ്യുന്ന നടനാണ് നിവിന്‍. ആ രീതിയില്‍ അയാളെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, പഴയ നിവിനെ പുതിയ രീതിയില്‍ അവതരിപ്പിക്കണമെന്ന്. അത് സാധ്യമല്ല, പകരം പുതിയ നിവിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാനാണ് എന്റെ ശ്രമം.’
‘ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിനുശേഷം മറ്റൊരു ചിത്രം കൂടി നിവിന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം ഞങ്ങളുടെ സിനിമ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനാണ് പ്ലാന്‍. പാലക്കാടിനും മലപ്പുറത്തിനുമിടയില്‍ അധികമാരും കടന്നുചെല്ലാത്ത ഭൂപ്രദേശങ്ങളായിരിക്കും ലൊക്കേഷന്‍. ഈ സിനിമ കണ്ടിട്ട് ആളുകള്‍ കേരളത്തിലേയ്ക്ക് മടങ്ങിവരണമെന്നും ആഗ്രഹമുണ്ട്.’
‘നായികയ്ക്കും തുല്യപ്രാധാന്യമുള്ള ചിത്രമാണ്. അതിനുവേണ്ടി ഒരു പുതുമുഖത്തെ തേടുകയാണ്. താരനിരക്കാരെയും വൈകാതെ കണ്ടെത്തും. പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി മലയാള സിനിമയിലേയ്ക്ക് കടന്നു വരികയാണ്. ഫയര്‍ ഫ്ളൈ ഫിലിംസ്
എന്നാണ് കമ്പനിയുടെ പേര്. രാജീവ് മേനോനും അജയ്യകുമാറുമാണ് നിര്‍മ്മാതാക്കള്‍. തികഞ്ഞ കലാസ്നേഹികളാണ്. അച്ഛന്റെ അടുത്ത സുഹൃത്തുക്കളും.’
‘ഒരു മ്യൂസിക്കല്‍ സിനിമ കൂടിയാണിത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന് പ്രഭാകരന് ഈണം പകരുന്നു. പാച്ചുവിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയതും ഇവരായിരുന്നു. എന്നുമാത്രമല്ല, പാച്ചുവിലെ മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും ഈ ചിത്രത്തിലുണ്ടാവും. പഴയ ക്രൂവിനെ വച്ച് പുതിയ പാറ്റേണില്‍ ഒരു സിനിമ ചെയ്യാനാണ് ശ്രമം.’ ചിരിച്ചുകൊണ്ട് അഖില്‍ പറഞ്ഞുനിര്‍ത്തി.
Recent Comments