വന്യജീവി മൃഗങ്ങളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് നടന് സുധീഷ് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടിരുന്നു. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആ സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന് സുധീഷ്.
‘പണ്ട് കേട്ടിട്ടുണ്ട് വയനാട് കയറി മുത്തങ്ങയിലൂടെ പോയാല്‍ ഇഷ്ടം പോലെ ആനകളെ കാണാമെന്ന്. അതുകൊണ്ട് ആനകളെ കാണണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ എന്റെ കല്യാണത്തിന് ശേഷം ഫാമിലിയോടൊപ്പം വയനാട് വഴി മൈസൂര്‍ ടൂര്‍ പ്ലാന്‍ ചെയ്തു.’ സുധീഷ് തുടര്‍ന്നു.
‘എന്റെ സ്വന്തം കാറില്‍ ഞാന്‍ തന്നെ ഡ്രൈവ് ചെയ്താണ് പോയത്. പകല്‍ സമയത്താണ് കാട് ക്രോസ് ചെയ്തത്. പക്ഷേ ആ സമയത്ത് ആനകളെ ഒന്നും കാണാന്‍ പറ്റിയില്ല. കാറിന്റെ സ്പീഡ് കുറച്ചിട്ടും ആനയെ മാത്രം കാണാന്‍ സാധിക്കുന്നില്ല. അതൊരു വലിയ സങ്കടമായി മനസ്സില്‍ കിടന്നു.’
‘അങ്ങനെ ടൂറൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ഇതേ വഴി തിരിച്ചു വരുമ്പോള്‍ ആനയെ കാണുമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അപ്പോഴും ആനകളെയൊന്നും കാണാന്‍ പറ്റിയില്ല. കാട് കടന്ന് ഇപ്പുറം എത്തിയപ്പോള്‍ അവിടെയുള്ള ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ കയറി. തൊഴുന്നത് കണ്ടപ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നെ തിരിച്ചറിഞ്ഞു. അവര്‍ ടൂറ് നന്നായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ‘ടൂറ് നന്നായിരുന്നു പക്ഷേ ആനകളെ കാണാന്‍ പറ്റിയില്ല’ എന്ന് മറുപടി കൊടുത്തു.’
‘സാധാരണ ഈ സമയങ്ങളില്‍ ആനയെ കാണേണ്ടതാണ്. ഒന്നുകൂടി പോയാല്‍ ആനയെ കാണാന്‍ സാധിക്കും’ എന്നവര്‍ അപ്പോള്‍ തന്നെ പറഞ്ഞു. അപ്പോള്‍ സമയം ഏകദേശം ഒരു ആറ് മണിയായി .ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് പോയി. അങ്ങനെ ഇരുട്ടായി തുടങ്ങിയപ്പോള്‍ ചെറിയൊരു പേടി വന്നു. മറ്റു വണ്ടികളാണെങ്കിലും കുറവ്. തിരിച്ചു പോകാന്‍ തീരുമാനിച്ച് നില്‍ക്കുമ്പോളാണ് വലത് ഭാഗത്ത് ഇരുട്ടില്‍ ഒരു ആനയെ കാണുന്നത്. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ മുമ്പില്‍ മണ്ണിന്റെ നിറമുള്ള ഒരു ആന നില്ക്കുന്നു. വണ്ടി ചെറുതായി ഒന്ന് തിരിച്ചപ്പോള്‍ വണ്ടിയുടെ ഹെഡ് ലൈറ്റ് ആനയുടെ ശ്രദ്ധയില്‍ പെട്ടു.’
‘ഉടനെ ആന കാറിന് നേര്‍ക്ക് ഫുട്ബോള്‍ വരുന്നത് പോലെ ഒരു വരവ് വന്നു. എന്താ ചെയ്യുക എന്നൊര്‍ത്ത് ഫാമിലി മൊത്തം ഇങ്ങനെ ഇരിക്കുകയാണ്. ഞാനും വണ്ടി മുന്നിലോട്ട് എടുത്തു. തൊട്ട് അടുത്ത് വന്നപ്പോള്‍ ഞാന്‍ വണ്ടി ചെറുതായി വെട്ടിച്ചു ആനയെ കടന്നങ്ങ് പോയി. ആന ഉടനെ തിരിഞ്ഞ് വലിയ ഒച്ചയില്‍ ചിന്നം വിളിച്ചു. ആന തിരിഞ്ഞ് വരുന്നതിന് മുമ്പ് ഞങ്ങള്‍ മുമ്പിലോട്ട് നീങ്ങി.’
‘കുറച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒന്നു രണ്ട് വണ്ടികള്‍ കണ്ടു. അവിടെ ആനയുണ്ടെന്ന് ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തു. അങ്ങനെ കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ പതിയെ തിരിച്ചു പോയി . തിരികെ ചെന്ന് ഞങ്ങള്‍ ആ ഉദ്യോഗസ്ഥന്റെ അടുത്ത്’ ഇങ്ങനെ ചെയ്യരുതായിരുന്നു’ എന്ന് പറഞ്ഞു. അപ്പോഴാണ് അയാള്‍ പറയുന്നത് അവിടെ മോഴ എന്ന ആന ഇറങ്ങിയതാണെന്ന്. ആ സംഭവത്തിന് ശേഷം കാട് കാണുക, ആനയെ കാണുക എന്നതെല്ലാം പേടിയുള്ള ഓര്‍മ്മകളാണ്.’ സുധീഷ് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments