ലണ്ടനില്‍നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള എസ്.ക്യു 321 വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന് മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേള്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സി.ഇ.ഒ പരസ്യമായി ക്ഷമാപണം നടത്തി.
വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടിവന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോ ചൂന്‍ ഫോങ് പറഞ്ഞു.
‘സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുവേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എസ് ക്യൂ 321 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടിവന്ന വേദനയില്‍ ദുഃഖിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്കാന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കും.’ – ഗോ ചൂന്‍ ഫോങ് പറഞ്ഞു.
ലണ്ടനിലെ ഹീത്രൂ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സിംഗപ്പൂരിലേയ്ക്ക് പറന്നുയര്‍ന്ന എസ് ക്യു 321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേയ്ക്ക് വിമാനം തിരിച്ചുവിടുകയും ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45 ന് വിമാനം ബാങ്കോക്കില്‍ അടിയന്തിരമായിറക്കി.
Recent Comments