കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്; 91 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ ശേഷം തൂക്കികൊന്നിട്ടില്ല
വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളില്‍ 39 പേരാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം
അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനുമാണ് ഒരുമിച്ച് വധ ശിക്ഷ ലഭിച്ചത്. 15 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ ഒരു സ്ത്രീക്ക് തൂക്കു കയര്‍ ലഭിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീറാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയെ വധ ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക് തൂക്കു കയര്‍ കിട്ടിയെങ്കില്ലും സുപ്രീം കോടതി ജീവപര്യന്തമാക്കി.
തനിച്ച് താമസിക്കുന്ന വയോധികയെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വേണ്ടി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അമ്മയ്ക്കും മകനും തൂക്കു കയര്‍ കിട്ടിയത്.
കൊലയ്ക്കു ശേഷം വാടക വീടിന്റെ തട്ടിന്‍പുറത്ത് മൃതദേഹം ഒളിപ്പിച്ചു. അമ്മയ്ക്കും മകനോടൊപ്പം മകന്റെ സുഹൃത്തിനും വധശിക്ഷ നല്കി. 2022 ജനുവരി 14 നു രാവിലെ ഒമ്പതിനു വിഴിഞ്ഞം മുല്ലൂര്‍ തോട്ടം ആലുംമൂട് വീട്ടില്‍ 74 കാരിയായ ശാന്തകുമാരിയെയാണ് കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ അയല്പക്കത്തെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു കേസിലെ മൂന്നു പ്രതികളും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതികളുടെ ക്രൂരതയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും വിധി ന്യായത്തില്‍ പറയുന്നുണ്ട്. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് നാഗപ്പന് മരിച്ചതിനെ തുടര്‍ന്ന് തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. മക്കള്‍ രണ്ടുപേരും ജോലി സംബന്ധമായി മറ്റിടങ്ങളിലായിരുന്നു. വാടക വീട് ഒഴിയുമെന്ന ദിവസം മൂന്നു പ്രതികളും ശാന്ത കുമാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലും മൂവരും പ്രതികളാണ്. ഈ കേസിലെ വിചാരണ ഉടനെ തുടങ്ങും.
കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ; ഏറ്റവുമൊടുവില്‍ റിപ്പര്‍ ചന്ദ്രനെയാണ്. ഇനിയും നടപ്പിലാക്കാത്ത ശിക്ഷകള്‍ ഉണ്ട്.1991 -ല്‍ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ തൂക്കിക്കൊന്നത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രന്. കേരളത്തില്‍ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 32 വര്‍ഷം കഴിഞ്ഞു.
കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യയില്‍ കോടതികള്‍ പ്രതിക്ക് വധശിക്ഷ വിധിക്കുക. അത്യപൂര്‍വ കുറ്റങ്ങളില്‍ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പല തവണ കീഴ്ക്കോടതികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. തൂക്കുകയര്‍ കോടതി വിധിച്ചാലും പിന്നീടും അപ്പീലും ദയാഹര്‍ജിയും നല്കാന് പ്രതിക്ക് അവസരം ഉണ്ട്. രാഷ്ട്രപതിക്കുള്ള ദയാഹര്‍ജിയും നിരസിക്കപെട്ടാല്‍ മാത്രമാണ് കൊലയാളിക്ക് തൂക്കുമരത്തിലേക്ക് നടക്കേണ്ടി വരിക. വധശിക്ഷ വിധിക്കപ്പെട്ട ഒട്ടേറെ പ്രതികളുടെ ശിക്ഷ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല.
കേരളത്തില്‍ രണ്ട് ജയിലുകളില്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. 45 വര്‍ഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശന് എന്ന ദുര്‍മന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയില്‍ നടപ്പിലാക്കിയ അവസാന വധശിക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ 1991 -ല്‍ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ്.
ലോകമെങ്ങും വധശിക്ഷയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തുന്ന കാലമാണിത്. ലോകത്ത് 98 രാജ്യങ്ങള്‍ വധശിക്ഷ പൂര്‍ണ്ണമായി നിര്‍ത്തലാക്കിയിട്ടുണ്ട്. ചൈന, ഇറാന്, സൗദി അറേബ്യ എന്നീ മൂന്നു രാജ്യങ്ങളില്‍ ആണ് ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കപ്പെടുന്നത്. ലോകത്ത് പല രാജ്യങ്ങളിലും പല രീതികളിലാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയില്‍ അത് തൂക്കിലേറ്റലാണ്. രാഷ്ട്രപതിയും പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ ഇന്ത്യയില്‍ തൂക്കിലേറ്റാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകും.
ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ ‘കണ്ടംഡ് സെല്‍’ എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നല്കി സന്ദര്‍ശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അനുവദിക്കും. വില്പത്രം എഴുതാനും അവസാനമായി പ്രാര്‍ത്ഥിക്കാനും സൗകര്യം നല്‍കും. പുലര്‍ച്ചെയാണ് ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നത് വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലര്‍ച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തില്‍ കൊണ്ട് നിര്‍ത്തും. കറുത്ത മുഖാവരണം ധരിപ്പിക്കും. കൈകളും കാലുകളും ബന്ധിക്കും. ആരാച്ചാര്‍ കഴുമരത്തിന്റെ ലിവര്‍ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയില്‍ നിന്ന് തെന്നിമാറും. ഏതാനും സെക്കന്റുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കും.
Recent Comments