രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്കിയ വരുന്ന പിയര്‍ ആഞ്ജിനോ പുരസ്കാരം കാന്‍ ചലച്ചിത്രമേളയുടെ വേദിയില്‍ വെച്ച് ഛായാഗ്രാഹകനായ സന്തോഷ് ശിവന് ഏറ്റുവാങ്ങി. പുരസ്കാരം സന്തോഷ് ശിവന് ഏറ്റുവാങ്ങുമ്പോള്‍ സദസ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു. ആ കൈയടി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷമായി വേണം കരുതാന്‍. കാന്‍ ചലച്ചിത്രമേള പോലെ ലോക സിനിമയുടെ തന്നെ ഉത്തുംഗ ശൃംഗത്തില്‍ വെച്ച് എണ്ണം പറഞ്ഞ ഛായാഗ്രാഹകന്മാര് ഇരിക്കുന്ന വേദിയില്‍ വെച്ചാണ് ഈ കൈയടി ലഭിച്ചത്. ഈ പ്രതിഭാസംഗമ സന്നിധിയില്‍ മലയാള സിനിമയെ കൂടി പ്രതിനിധീകരിച്ച് സന്തോഷ് ശിവന് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.
‘എനിക്ക് എന്നെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ മരിച്ചു പോയ എന്റെ അച്ഛനും അമ്മയും ചേട്ടനും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം എനിക്ക് എന്റെ ഭാര്യയുടെയും മകന്റെയൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാറില്ല. ഇപ്പോള്‍ ഇവിടെ ഇരിക്കുന്ന അവരും വളരെയധികം സന്തോഷിത്തിലായിരിക്കണം.’
‘എനിക്ക് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് എന്റെ ജന്മനാടായ കേരളത്തിനോടാണ്. കാരണം എന്റെ പൈകൃതത്തില് നിന്ന് പകര്‍ന്ന് കിട്ടിയ ആ സംസ്കാരമാണ് എന്നിലുള്ളത്. ഞാന്‍ മലയാളം സിനിമയിലാണ് ഹരിശ്രീ കുറിച്ചത്. പിന്നീട് ഞാന്‍ പല ഭാഷകളില്‍ സിനിമ ചെയ്തു .പക്ഷേ സിനിമയ്ക്ക് ഭാഷയുടെ അതിര്‍ത്തിയില്ല. എനിക്ക് അത് അനുഭവപ്പെട്ടത് ജപ്പാനിലെ ഛായാഗ്രാഹകന്മാരുടെ 15 ദിന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ്. ക്യാമ്പ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ജപ്പാന്‍കാരും ‘ചയ്യ ചയ്യ’ എന്ന ഗാനം പാടുകയായിരുന്നു. ‘അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സന്തോഷ് ശിവന് പറഞ്ഞു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്. നടി പ്രീതി സിന്റയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ അനന്തഭദ്രം, ജാക്ക് ആന്റ് ജില് എന്നീ രണ്ട് ചിത്രങ്ങളാണ് സന്തോഷ് ശിവന് സംവിധാനം ചെയ്തത്. കൂടാതെ ഷാരൂഖ് ഖാന് നായകനായ അശോക, ടെററിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. ലെനില്‍ രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലെ രാജാ രവിവര്‍മ്മയുടെ വേഷം അവതരിപ്പിച്ചതും സന്തോഷ് ശിവനായിരുന്നു. പത്തിലധികം ദേശീയ പുരസ്കാരങ്ങളും ഇരുപതിലധികം രാജ്യാന്തര പുരസ്കാരങ്ങളും നേടിയ സന്തോഷ് ശിവനെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.
Recent Comments