കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന, കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് പെരിയാര്‍. മുല്ലയാര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോഷക നദികള്‍ ഉള്ളത് പെരിയാറിലാണ്. വേമ്പനാട്ടുകായലില്‍ പതിക്കുന്നതിനിടയ്ക്ക് മുല്ലപ്പെരിയാര്‍ മുതല്‍ ഭൂതത്താന്‍കെട്ട് വരെ 17 ഡാമുകളാണ് ഈ നദിയില്‍ ഉള്ളത്. കേരളത്തിലെ ജലവൈദ്യുത ഉല്പാദനത്തില് ഒന്നാം സ്ഥാനത്താണ് പെരിയാര്‍.
കേരളത്തിന്റെ 25% വ്യവസായശാലകളും പെരിയാറിന്റെ കരയിലാണ്. ഇതിന്റെ തീരത്ത് HIL, FACT, IRE തുടങ്ങി ചെറുതും വലുതുമായ 290 ഓളം വ്യവസായ ശാലകള്‍ ഉണ്ട്. അതേ സമയം എറണാകുളം ജില്ലാ മുഴുവനും തൃശൂര്‍ ജില്ലയുടെ ഏതാനും പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് പെരിയാര്‍ പുഴ.
ലോകത്ത് എവിടെയെങ്കിലും കുടിവെള്ളം ലഭിക്കുന്ന പുഴയുടെ തീരത്ത് 290 ഓളം വ്യവസായ ശാലകള്‍ സ്ഥാപിക്കുമോ? ഒരിക്കലുമില്ല. അതുകൊണ്ടാണ് തല തിരഞ്ഞ വികസനത്തിന്റെ ഒരു പെരിയാര്‍ ദുരന്തം എന്നു വിളിച്ചത്. പെരിയാര്‍ നദി ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണം വ്യവസായ ശാലകള്‍ പെരിയാറിലേക്ക് പുറം തള്ളുന്ന രാസമാലിന്യങ്ങള്‍ മൂലമാണ്. അതിനാല്‍ പെരിയാര്‍ നദിയിലെ കുടിവെള്ളം കുടിക്കുന്നവരില്‍ പലര്‍ക്കും അര്‍ബുദം ,വൃക്ക രോഗം തുടങ്ങിയ മാരക രോഗങ്ങള്ക്കിരകളാകുകയാണ്. ഇത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും മാറി മാറി അധികാരത്തിലുള്ള രാഷ്ട്രീയ നേതാക്കള്‍ കളങ്കിതരായ വ്യവസായ ശാലകളില്‍ ഉടമകളില്‍ നിന്നും കോടികളാണ് കോഴകള്‍ കൈപ്പറ്റുന്നത്.
കളമശ്ശേരി, ഏലൂര്‍ ഭാഗത്ത് പെരിയാര്‍ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം ഇപ്പോള്‍ വലിയ ചര്ച്ചാവിഷയമാണെല്ലോ. ജലമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സംസ്കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവുമാണ്. സംസ്ക്കരിക്കാത്ത മാലിന്യങ്ങള്‍ ഫാക്ടറികള്‍ സമീപത്തെ ജലസ്രോതസ്സുകളിലേക്ക് പുറന്തള്ളുന്ന നിരവധി വ്യവസായ മേഖലകള്‍ ഈ നദിക്കരയിലുണ്ട്.
യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളില്‍ ഒന്നാണ് റൈന്‍. ആല്‍പ്സ് പര്‍വതനിരകളില്‍ ഉത്ഭവിച്ച് നോര്‍ത്ത് സീ യില്‍ പതിക്കുന്ന ഈ നദിയുടെ നീളം 1,233 കിലോമീറ്റര്‍ ആണ്. സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍, ഓസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് എന്നീ ആറു രാജ്യങ്ങളിലൂടെ ഒഴുകുന്നു. അതുപോലെ ബാസല്‍, മെയിന്‍സ്, ഡ്യൂസെല്‍ഡോര്‍ഫ്, സ്ട്രാസ്ബര്‍ഗ്, കൊളോണ്‍, വദൂസ്, ആര്‍നെം, റോട്ടര്‍ഡാം തുടങ്ങിയ നിരവധി വമ്പന്‍ നഗരങ്ങള്‍ ഈ നദിക്കരയില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇത്രയും രാജ്യങ്ങള്‍ കടന്നുപോകുന്ന, ഇത്രയും വ്യവസായങ്ങള്‍ ഉള്ള, ഇത്രയും കപ്പല്‍ ഗതാഗതം ഉള്ള, ഇത്രയും തുറമുഖങ്ങള്‍ ഉള്ള ഈ നദി നമ്മുടെ സാഹചര്യങ്ങളില്‍ ചിന്തിച്ചാല്‍ എത്ര മലീമസമായിരിക്കും.
സ്വിറ്റ്സര്‍ലാന്‍ഡിലും ജര്‍മനിയിലും ഫ്രാന്‍സിലും വിവിധ സ്ഥലങ്ങളില്‍ ഞാന്‍ ഈ നദിയെ കണ്ടു. പക്ഷെ അത് ഉത്ഭവിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡില്‍ മാത്രമല്ല, നദിയുടെ ഏതു ഭാഗത്തു നോക്കിയാലും കണ്ണാടി പോലെ തെളിഞ്ഞ വെള്ളമാണ് കാണാന്‍ കഴിയുക. ജര്‍മനിയിലെ ബോണ്‍ നഗരത്തില്‍ റൈന്‍ നദിയിലെ പടവുകളിലേക്ക് ഞാന്‍ അല്പം ഇറങ്ങിനോക്കി. ഉടനെ എന്റെ സുഹൃത്ത് എന്നെ വിലക്കി. അവര്‍ കര്‍ശന നടപടി എടുക്കുമത്രെ. നദി എങ്ങനെ ഇത്രയും തെളിവോടെ ഒഴുകുന്നു എന്ന് എനിക്ക് അപ്പോള്‍ മനസിലായി.
പക്ഷെ പെരിയാറില്‍ മല്‍സ്യങ്ങള്‍ വരെ ചത്തുപൊങ്ങുന്ന അവസ്ഥയില്‍ മലിനീകരണം എത്തുന്നത് എന്തുകൊണ്ടാണ്?
ജനസാന്ദ്രത കൂടിയ കേരളവും ജനസാന്ദ്രത തീരെ കുറവായ യൂറോപ്പും താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നറിയാം. സ്വിറ്റ്സര്‍ലാന്‍ഡില്‍ ആയാലും കേരളത്തിലായാലും വ്യവസായ ശാലകളില്‍ എല്ലാത്തിലും മാലിന്യം ഉണ്ടാവും.
എന്നാല്‍ യൂറോപ്പില്‍ നദീതടത്തിനായുള്ള ജലഗുണനിലവാര പരിപാടി വിജയകരമാണ്. കാരണം വ്യത്യസ്ത രാജ്യങ്ങളെങ്കിലും പങ്കാളികള്‍ വിവര കൈമാറ്റം, സഹകരണം, സമവായം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ മാലിന്യങ്ങള്‍ സംസ്കരിച്ച ശേഷം മാത്രമേ പുഴയിലേക്ക് വിടുകയുള്ളൂ. അവിടെ ജനങ്ങള്‍ നദികളൊടും പരിസ്ഥിതിയോടും രാജ്യത്തോടും പ്രതിജ്ഞാബദ്ധത ഉള്ളവരാണ്. അവിടെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരുകള്‍ ഉണ്ട്.
ഇവിടെയും സമാനമായ നിയമങ്ങളുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതിലെ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
(കടപ്പാട്: ശ്രീകുമാര്‍ ഗോപാല്‍, ജേക്കബ്ബ് ലാസര്‍)
Recent Comments