പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ലാല്‍ 20 കോടി രൂപ പ്രതിഫലം പറ്റുന്നുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകനടന്മാരില് ഒരാളായി മോഹന്‍ലാല്‍ മാറുന്നുണ്ടെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടു.
ഇതിന്റെ നിജസ്ഥിതി കാന്‍ചാനല്‍ നേരിട്ട് അന്വേഷിച്ചിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍ മോഹന്‍ലാല്‍ സലാറില്‍ അഭിനയിക്കുന്നില്ല. അത്തരത്തിലുള്ള ഒരു കമ്മിറ്റ്മെന്റും ലാല്‍ ഈ ദിവസംവരെ നടത്തിയിട്ടില്ല. അഭിനയിക്കാത്ത സിനിമയില്‍ 20 കോടി പ്രതിഫലം പറ്റുന്നുവെന്ന വാര്‍ത്തയുടെ പൊള്ളത്തരത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. കേട്ടുകേള്വിയില്നിന്ന് മാത്രം സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകളില്‍ ഒന്നുമാത്രമാണിത്.
ബി. ഉണ്ണികൃഷ്ണന്റെ ആറാട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി അവസാനംവരെ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. ഡബ്ബിംഗ് കൂടി പൂര്‍ത്തിയാക്കിയാല്‍, ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മാറും. ഇപ്പോള്‍തന്നെ ബറോസിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. ലാല്‍ കൂടി എത്തുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരും. ബറോസിന്റെ ഷൂട്ടിംഗ് ഏപ്രില്‍ ആദ്യം ഗോവയില്‍ തുടങ്ങും.
Recent Comments