ഈ അടുത്ത് സംഗീത ലോകത്ത് ഉണ്ടായ മിക്ക വിവാദങ്ങളുടെയും തുമ്പത്ത് കാണാന്‍ കഴിയുന്നത് ഒരേയൊരു പേരാണ്, സാക്ഷാല്‍ ഇളയരാജയുടെ പേര്. അതിന് കാരണങ്ങളുണ്ട് താനും. ഇന്നിറങ്ങുന്ന സിനിമകളില്‍ പോലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇളയരാജ സംഗീതം നല്കിയ ഗാനങ്ങളാണ് പിന്നണി പാടുന്നത്. ഇളയരാജയുടെ സംഗീതം കാലങ്ങള്‍ക്ക് ശേഷം നിലനില്ക്കുന്നുണ്ടെങ്കില് അദ്ദേഹം സമൂഹത്തില്‍ ചര്‍ച്ചാവിഷയമാകുന്നതില്‍ ഔചിത്യ കുറവ് കണ്ടെത്താന്‍ കഴിയില്ല. വിവാദങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ പോലും അദ്ദേഹത്തിന്റെ സംഗീതത്തിനെ ചെറുതായി ഒന്ന് കൂക്കി വിളിക്കാന്‍ പോലും ഭയപ്പെടും. അതാണ് ഇളയരാജ. അതാണ് ഇളയരാജയുടെ സംഗീതം. ഇളയരാജ എന്ന, ഈ അസാമാന്യ പ്രതിഭാസത്തിന് ജൂണ്‍ 3 ന് 81 വയസ്സ് തികയുകയാണ്.
ആയിരത്തിലധികം സിനിമകള്‍, അവയിലെ പതിനായിരത്തോളം പാട്ടുകള്‍, അക്കങ്ങളുടെ കണക്കില്‍ ഒരിക്കലും ഇളയരാജയുടെ സംഗീത യാത്രയെ ചുരുക്കാന്‍ കഴിയില്ല. ഒരു ഇളയരാജ ഗാനം കേള്‍ക്കാതെ ഒരു തമിഴ് ഗ്രാമവും ഉണരുന്നില്ല, അതില്ലാതെ തമിഴകത്തിന്റെ ഒരു ദിനവും അവസാനിക്കുന്നുമില്ല. അത്രമാത്രം രാജസംഗീതം തമിഴ് സംസ്കാരത്തില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്നു. എത്ര റഹ്മാനും എത്ര അനിരുദ്ധും ഒരുമിച്ച് വന്നാലും രാജ തമിഴ് നാട്ടില്‍ ഇന്നും കിംഗ് തന്നെയാണ്. എന്നാല്‍ ദിവസവും ഒരു രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന വൈഗഡാമിലെ തോട്ടക്കാരനില്‍ നിന്ന് ഇന്ന് കാണുന്ന ഇളയരാജയിലേക്കുള്ള ദൂരം ഒരിക്കലും ചെറുതായിരുന്നില്ല.
തന്റെ ആദ്യ പാട്ടിന്റെ റെക്കോര്‍ഡിങ്ങിന്റെ അന്ന്, സ്റ്റുഡിയോയില്‍ സംവിധായകനാലും നിര്മ്മാതാവാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ അപമാനിതനായാണ് രാജ സിനിമയില്‍ ഹരിശ്രീ കുറിച്ചത്. സ്വന്തം ചെലവില്‍ ആ പാട്ട് റെക്കോര്‍ഡ് ചെയ്താണ് അദ്ദേഹം അന്ന് പകരം വീട്ടിയത്. ഇതോടെ രാശിയില്ലാത്ത ആളാണ് രാജയെന്ന് സിനിമാ ലോകം ഒന്നാകെ വിധി എഴുതി. അതിന് ശേഷം ഒരു അവസരം കിട്ടിയത് അന്നക്കിളി എന്ന ചിത്രത്തിലായിരുന്നു. രാജ റിക്കാഡിംഗ് റൂമില്‍ ഇരുന്ന് റെഡി… വണ്‍ ടു ത്രീ എന്നു പറഞ്ഞപ്പോഴേയ്ക്കും കറന്റുപോയി. ഈ ഭാഗ്യകേടിന് രാജ മറുപടി നല്‍കിയത് ആ ചിത്രത്തിലെ ആറ് പാട്ടുകളും ഹിറ്റാക്കി കൊണ്ടാണ്. അതോടെ ഇളയരാജ എന്ന സംഗീതസംവിധായകന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.
പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു വര്‍ഷം കുറഞ്ഞത് 33 സിനിമ എന്നതായിരുന്നു ഇളയരാജയുടെ കണക്ക്. ഏറ്റവും വിലപിടിപ്പുള്ള വാദ്യോപകരണങ്ങളും ഗായകരുമെല്ലാം ഇളയരാജയ്ക്ക് വേണ്ടി അണിനിരന്നു. ഗായകരുടെ കൂട്ടത്തില്‍ എസ്പിബിയുമായി ചേര്‍ന്നപ്പോള്‍ ഈണവും സ്വരവും വല്ലാത്തൊരു പാരസ്പര്യത്തോടെ കെട്ടിപ്പുണര്‍ന്ന അനുഭവമാണ് ശ്രോതാക്കള്‍ക്ക് ലഭിച്ചത്.
മലയാളത്തിലും തമിഴിലും നിര്‍മിച്ച ‘ആറുമണിക്കൂര്‍’ ആണ് മലയാള സിനിമ ആദ്യമായി കേട്ട ഇളയരാജാഗാനം. എന്നാല്‍ മലയാളത്തില്‍ മാത്രമായി സംഗീതം നല്കിയ സിനിമ വ്യാമോഹമാണ്. പിന്നീട് മലയാള സിനിമാചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായി ഇളയരാജ മാറി. അതില്‍ കുട്ടിച്ചാത്തനും കാലാപാനിയും പഴശ്ശിരാജയുമെല്ലാം ഉള്‍പ്പെടും. ഇവ കൂടാതെ എടുത്ത് പറയേണ്ടത് ഗുരു എന്ന ചിത്രമാണ്. ഇളയരാജയുടെ സംഗീതം ചിത്രത്തിന് ദൈവീകമായി ഒരു അന്തരീക്ഷം ഒരുക്കി കൊടുക്കുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റ് സിംഫണി ഓര്ക്കസ്ട്രയെയാണ് ചിത്രത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറുകള്‍ക്കും ഗാനങ്ങള്‍ക്കും അകമ്പടി സേവിച്ചത്. പശ്ചാത്തല സംഗീതം പൂര്‍ണമായും രാജ്യത്തിന് പുറത്ത് റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രവും ഗുരുവാണ്.
സത്യത്തില്‍ ഒരു കൂട്ടം മികച്ച ഗാനങ്ങളുടെ പെരുമഴയില്‍ ഇളയരാജയുടെ പശ്ചാത്തല സംഗീതം വേണ്ടത്ര വാഴ്ത്തപ്പെടാതെ പോയിട്ടുണ്ട്. പാട്ടുകളില്ലാതെ പശ്ചാത്തല സംഗീതം മാത്രമായും ഇളയരാജ മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ ഐക്കോണിക്ക് ബിജിഎം അടങ്ങിയ സാമ്രാജ്യമാണ് അത്തരത്തിലൊരു ചിത്രം. പിന്നീട് പഴശ്ശിരാജയുടെ പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡും ഇളയരാജ കരസ്ഥമാക്കി. പരമ്പരാഗത വാദ്യോപകരണങ്ങള്‍ക്കൊപ്പം സിംഫണിക് ഓര്ക്കസ്ട്രേഷന് ഫലപ്രദമായി സംയോജിപ്പിക്കുകയാണ് പഴശ്ശിരാജക്കായി ഇളയരാജ ചെയ്തത്. അതും 18-ാം നൂറ്റാണ്ടിലെ ചരിത്ര കഥ പറയുമ്പോഴാണ് എന്നതും ശ്രദ്ധയമാണ്.
വിനോദയാത്രയാണ് ഇളയരാജ പശ്ചാത്തല സംഗീതം കൊണ്ട് മികച്ചതാക്കിയ മറ്റൊരു ചിത്രം. ഒരു ചെറിയ സിനിമയെ പശ്ചാത്തല സംഗീതം കൊണ്ട് എങ്ങനെ മാറ്റി മറിക്കുന്നു എന്നത് വിനോദയാത്രയില്‍ കാണാന്‍ സാധിക്കും. തമിഴില്‍ മൗനരാഗവും നായകനുമെല്ലാം ഉള്ളപ്പോള്‍ തന്നെ സിഗപ്പു റോജാക്കളും സില സമയങ്ങളും പോലുള്ള ചിത്രങ്ങളിലെ ഇളയരാജയുടെ സംഗീതം ആഘോഷിക്കപ്പെടാതെ പോകുന്നു.
എന്നാല്‍ മറിച്ചും സംഭവിച്ചിട്ടുണ്ട്. തീയേറ്ററുകളില്‍ ഒരാഴ്ച പോലും ഓടാത്ത നിഴലുകള്‍, നിനൈവെല്ലാം നിത്യ എന്നീ സിനിമകളുടെ പാട്ടുകള്‍ ഇന്നും തമിഴ് ജനത നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്നവയാണ്
സിനിമാസംഗീതത്തിന് പുറത്ത് അദ്ദേഹം നടത്തിയ ചില ശ്രമങ്ങളും സംഗീതപ്രേമികളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 13 ദിവസം കൊണ്ട് ഒരുക്കി ലണ്ടനില്‍ അവതരിപ്പിച്ച സിംഫണിയാണ് അതിലൊന്ന്. ഒരു ലോക റെക്കോര്‍ഡ് ആയിരുന്നു അത്. ദളപതിയിലെ പാട്ടിന് ബിബിസി നല്കിയ അംഗീകാരവും ആഗോളവേദിയില്‍ ഇളയരാജയെ ഇന്ത്യന്‍ സംഗീതത്തിന്റെ മുഖമാക്കി.
ഈണങ്ങളെ അവയുടെ അഭൗമമായ ഒരു ഔന്നിത്യത്തിലേക്ക് എടുത്തുയര്‍ത്തുന്നതാണ് ഇളയരാജ മാജിക്ക്. റീമിക്സായും അല്ലാതെയുമെല്ലാം തിരിച്ചു വരുന്ന പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഇളയരാജ ഗാനങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തു. വിവാദം കൊണ്ട് വാടുന്നതല്ല അതിന്റെ പ്രൗഢി. ആ സംഗീതം ഉള്ളിടത്തോളം കാലം ഇളയരാജ എന്ന സംഗീതജ്ഞനും അപ്രസക്തമാവുകയില്ല.
Recent Comments