കുട്ടനാട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കേരളത്തിന്റെ തനത് താറാവ് ജനുസായ കുട്ടനാടൻ താറാവുകളാണ്. താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് കുട്ടനാടൻ താറാവ്. ഗമ ഏറെയുണ്ടെങ്കിലും കുട്ടനാടൻ താറാവ് ഇതുവരെ ജിയോഗ്രഫിക്കൽ ഇൻഡിക്കേറ്ററിൽ കയറിപ്പറ്റിയിട്ടില്ല. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പേരുകേട്ട ഇവയുടെ വളർത്തൽ രീതികൾ കുട്ടനാട്ടിലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ തീറ്റ തേടുന്ന ഇവ അടുത്ത കൃഷിക്കു മുൻപായി നിലമെല്ലാം വളക്കൂറുള്ളതാക്കി മാറ്റുന്നു.
ഫ്രീ റേഞ്ച് രീതിയിൽ വളർത്തുന്നതിനാൽ ഇവയുടെ മുട്ടയും ഇറച്ചിയും സ്വാദിഷ്ടമാണ്. കാഴ്ച്ചയിൽ ചാര എന്നും ചെമ്പല്ലി എന്നും വിളിപ്പേരുള്ള രണ്ടിനം താറാവുകളാണ് കുട്ടനാടൻ താറാവുകൾ. ചാരയുടെ കഴുത്തിന് കടും പച്ച നിറവും ചെമ്പല്ലിയുടെ കഴുത്തിനു തവിട്ടു കലർന്ന കറുപ്പ് നിറവുമാണ്. പിടത്താറാവുകളിൽ ചാരയ്ക്ക് കറുപ്പ് കലർന്ന തവിട്ടു നിറവും, ചെമ്പല്ലിക്ക് കറുപ്പില്ലാത്ത ഇളം തവിട്ടു നിറവുമാണ്. ചാര നിറമുള്ളതിനെ ആ പേരിലും, തവിട്ടു നിറമുള്ളതിനെ ചെമ്പല്ലിയെന്നും കർഷകർ തന്നെയാണ് വിളിച്ചത്. കുട്ടനാടൻ താറാവിനെ അസമിൽ വളർത്തു ന്നുണ്ട്. അവർ പക്ഷേ, ചാര ചെമ്പല്ലിയെന്ന ഒറ്റപ്പേരിലാണു വിളിക്കുന്നതെന്നു മാത്രം. മല്ലാട് വിഭാഗത്തിൽ പെട്ട കാട്ടുതാറാവുകളിൽ നിന്നാണു കുട്ടനാടൻ താറാവിന്റെ വംശം വരുന്നത്. തമിഴ്നാട്ടിലെ ആരണി, ആന്ധ്ര ത്താറാവ്, അസമിലെ പാറ്റി എന്നിവയുമായി താരതമ്യം ചെയ്താലും കുട്ടനാടൻ തന്നെയാണു മുന്നിൽ. ഏതാണ്ട് 5 മാസമാകുമ്പോഴേക്കും 1.5 കിലോഗ്രാം ശരീര ഭാരമെത്തുന്ന പൂവന്മാരെയാണ് പ്രധാനമായും ഇറച്ചിക്കായി വിൽക്കുന്നത്.
മറുനാടൻ താറാവുകളുടെ മുട്ട ശരാശരി 60 ഗ്രാമാണെങ്കിൽ കുട്ടനാടന് 60 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ട്. തൂക്കം കൂടുന്തോറും മാംസത്തിന്റെ അളവും കൂടും. ഒരുമിച്ചു വളരുന്നവരാണെങ്കിലും ചാരയും, ചെമ്പല്ലിയും തമ്മിൽ ഭേദമുണ്ട്. ചാര കൂടുതൽ മുട്ടയിടും. ചെമ്പല്ലിയുടെ മുട്ടയ്ക്കു തൂക്കവും കൂടുതലാണ്. കുട്ടനാടിന്റെ ഭൂപ്രകൃതിക്കു ചേർന്നതാണു ചാരയും, ചെമ്പല്ലിയും. എത്ര ദൂരം വേണമെങ്കിലും നടക്കാനും ഇവയ്ക്കു സാധിക്കും. പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ആയതിനാൽ കൊളസ്ട്രോൾ പേടിക്കേണ്ട.
മുട്ട റോസ്റ്റായും, താറാവു റോസ്റ്റായും മപ്പാസായും താറാവു സഞ്ചാരികളെ ഊട്ടും. അതിലുമുപരി കുട്ടനാടൻ ബ്രാൻഡ് എന്ന നിലയിൽ ചാരയും, ചെമ്പല്ലിയും അറിയപ്പെടുന്നതു വിനോദസഞ്ചാര മേഖലയ്ക്കും സഹായകമാവും
Recent Comments