തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ വിജയിച്ച സഹപ്രവര്ത്തകന് കൂടിയായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് മോഹന്‍ലാലും ദിലീപും കലാഭവന്‍ ഷാജോണും. വ്യക്തമായ ഭൂരിപക്ഷം നേടി വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലാണ് ലാലിന്റെ ഫോണ്‍കോള്‍ എത്തിയത്. വിജയാശംസകള്‍ നേരുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ദിലീപും കലാഭവന്‍ ഷാജോണും അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് അമ്മയിലെ അംഗങ്ങളാരും ഒരു പോസ്റ്റുപോലും ഇട്ടില്ല എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
തൃശൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേയ്ക്കും ലോക് സഭയിലേയ്ക്കും മത്സരിച്ച് സുരേഷ് ഗോപി പരാജയപ്പെട്ടു. മൂന്നാം അങ്കത്തിന് ഇറങ്ങിയപ്പോള്‍ വിജയം അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനിന്നു. 74686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി തൃശൂരില്‍നിന്ന് ജയിച്ചത്. ഇതോടുകൂടി കേരളത്തില്‍നിന്ന് ബിജെപി ചിഹ്നത്തില്‍ മത്സരിച്ച് ആദ്യമായി ലോക് സഭയില്‍ എത്തുന്ന അംഗമെന്ന റെക്കോര്‍ഡ് കൂടി സുരേഷ് ഗോപി സ്വന്തമാക്കിയിരിക്കുകയാണ്.
മൂന്നാംതവണയും ഗവണ്മെന്റ് ഉണ്ടാക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ പ്രസംഗത്തില്‍ കേരളത്തിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം ഏറെ ത്യാഗങ്ങളുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ സുരേഷ് ഗോപി അംഗമാകുമോ എന്നുമാത്രമാണ് കണ്ടറിയാനിരിക്കുന്നത്. തീര്‍ച്ചയായും അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടാകുമെന്നുതന്നെയാണ് കിട്ടുന്ന സൂചനകളും. കേരളത്തില്‍നിന്ന് ജയിച്ചുവന്ന ആള്‍ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനം നല്കുകവഴി പുതിയൊരു സന്ദേശംകൂടി നല്കാന് ബിജെപി സര്‍ക്കാര്‍ ശ്രമിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പാര്‍ട്ടി അദ്ധ്യക്ഷന്‍ നദ്ദയോടുമുള്ള വ്യക്തിപരമായ അടുപ്പവും ഈ സ്ഥാനലബ്ധിയിലേയ്ക്ക് സുരേഷ് ഗോപിയുടെ വഴി എളുപ്പത്തിലാക്കും.
ഇതിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ഫോണ്‍കോളും സുരേഷ് ഗോപിയെ തേടിയെത്തിയിരുന്നു. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി ജൂണ്‍ 6 ന് സുരേഷ് ഗോപി ഡല്‍ഹിയിലേയ്ക്ക് പോകും. തിരിച്ചുവരവ് കേന്ദ്രമന്ത്രിയായിട്ടായിരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Recent Comments