ലോകസഭയില്‍ വനിതകള്‍ക്ക് കേരളത്തില്‍ നിന്നും ഒരു കനല്‍തരി പോലും ലഭിച്ചില്ല. എന്തുകൊണ്ടാണ് കേരളം വനിത സ്ഥാനാര്‍ത്ഥികളെ ഇങ്ങനെ അവഗണിക്കുന്നത്. ഇക്കുറി ഒമ്പത് വനിതകളാണ് ലോകസഭയിലേക്ക് മത്സരിച്ചത്. അതില്‍ ഒമ്പതും തോറ്റു.
ഇത്തവണ മത്സരം നടക്കുമ്പോള്‍ വനിതകളുടെ ലോകസഭയിലെ ഏക പ്രാധിനിത്യം കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് മാത്രമായിരുന്നു. രമ്യയും തോറ്റതോടെയാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയും ജയിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. 2019 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യ മാത്രമാണ് ജയിച്ചത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി കെ ശ്രീമതി മാത്രമാണ് ജയിച്ചത്. 2024 ലെ ലോക സഭ തെരഞ്ഞെടുപ്പില്‍ ആരും ജയിച്ചില്ല.
ഇത്തവണ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതില്‍ അഞ്ചുപേര്‍ എന്‍ഡിഎയില്‍ നിന്നായിരുന്നു. മൂന്നു പേര് ഇടതുമുന്നണിയില്‍ നിന്നും, ഒരാള്‍ യുഡിഎഫില്‍ നിന്നും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ശോഭ സുരേന്ദ്രന് (ആലപ്പുഴ), എംഎല് അശ്വിനി (കാസര്‍ഗോഡ്), നിവേദിത സുബ്രഹ്മണ്യന്(പൊന്നാനി), ടിഎന്‍ സരസു (ആലത്തൂര്‍) ബിഡിജെഎസ് സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് (ഇടുക്കി) എന്നിവരാണ്. എല്‍ഡിഎഫില്‍ നിന്നും സിപിഎമ്മിലെ കെജെ ഷൈന്‍ (എറണാകുളം), കെ കെ ശൈലജ (വടകര), സിപിഐയുടെ ആനിരാജ (വയനാട്), യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് എന്നിവരായിരുന്നു. ജയസാധ്യതയുള്ള മണ്ഡലങ്ങളിലായിരുന്നു വനിതകള്‍ എല്ലാവരും മത്സരിച്ചതെങ്കിലും എല്ലാവരും പരാജയപ്പെട്ടു.
വനിതകളുടെ പരാജയത്തെക്കുറിച്ച് കേരളം ഗൗരവ്വമായി ചിന്തിക്കാനുള്ള സമയം ആസന്നമായിരിക്കുകയാണ്. ഭാവിയില്‍ ലോക സഭയിലും സംവരണം നടത്തേണ്ട സാഹചര്യത്തിലേക്കാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പോവുന്നത്. കേരള നിയമസഭയിലേക്ക് ഏതാനും സ്ത്രീകള്‍ ജയിച്ചിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും നിയമസഭകളിലും ലോക സഭയിലും ആവശ്യമായി പ്രാതിനിധ്യം വനിതകള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തുടങ്ങിയ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഉള്ളതിനാല്‍ അവിടെ പ്രശ്നമില്ല.
കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണം ലോകസഭയില്‍ അവതരിപ്പിച്ചെങ്കിലും നടപ്പിലായിട്ടില്ല. അത് നടപ്പിലാക്കാന്‍ ഇനിയും പത്തു വര്‍ഷം എടുക്കുമെന്നാണ് സൂചന. പല രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംവരണത്തെ അനുകൂലിക്കുന്നില്ല. പുരോഗമന പാര്‍ട്ടികള്‍ പോലും. വനിതകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തുടങ്ങിയ സ്ഥാപനങ്ങളില്‍ സംവരണം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ചില വനിതകള്‍ മത്സരിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്ഡുകളിലിപ്പോഴും അബൂബക്കര്‍ അല്ലെങ്കില്‍ അഹമ്മദ് എന്നയാളുടെ ഭാര്യയ്ക്ക് വോട്ടു ചെയ്യുക എന്ന് കാണാം. അതുപോലെ കേരളത്തില്‍ ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സിപിഎമ്മില്‍ നിന്നും കെആര്‍ ഗൗരിയമ്മ, സുശീല ഗോപാലന്, കെകെ ശൈലജ എന്നിവര്‍ക്ക് മുഖ്യമന്ത്രിയാവാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇങ്ങനെ ഒരു സാധ്യത പോലും ഉണ്ടായിട്ടില്ല.
Recent Comments