പൂച്ചക്കൊരു മൂക്കുത്തിയില്‍ മമ്മൂട്ടിക്കൊരു റോളുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സ്വല്പം പ്രയാസമാണ്. സുരേഷ് കുമാറിന്റെ നിര്‍മാണത്തില്‍ പ്രിയദര്‍ശന്റെ കന്നി സംവിധാനസംരഭമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. ചിത്രത്തില്‍ മൂന്ന് നായകന്മാരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍. സിനിമ അഭിനയിക്കാന്‍ ആദ്യം മമ്മൂട്ടി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ചിത്രീകരണത്തോട് അടുത്തപ്പോള്‍ മമ്മൂട്ടി മറ്റു തിരക്കുകള്‍ പറഞ്ഞ് പിന്മാറി. കാര്യമറിഞ്ഞ് അന്വേഷിക്കാന്‍ ചെന്ന പ്രിയനോട് ‘നീ തല്കാലം വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വെച്ച് സിനിമ പിടിക്ക്. എന്നിട്ട് നമുക്ക് ചെയ്യാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടി അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ ചിത്രത്തിലേക്ക് സോമനെ എടുത്തു. മമ്മൂട്ടിക്ക് വേണ്ടി വച്ചിരുന്നു വലിയ റോള്‍ വെട്ടികുറച്ചാണ് ചിത്രത്തിലേക്ക് സോമനെ പരിഗണിച്ചത്. മലയാള കോമഡി സിനിമകളിലെ ഒരു നാഴികക്കല്ലായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. കോമഡി ട്രാക്ക് എന്ന രീതിയില്‍ കഥയുമായി വേര്‍ത്തിരിഞ്ഞ് കിടക്കുന്ന ചിത്രങ്ങളായിരുന്നു അതുവരെ മലയാളത്തില്‍ അധികവും. ഈ ട്രാക്കുകള്‍ മിക്കതും എഴുതുന്നത് തിരക്കഥാകൃത്തിന് പകരം അടൂര്‍ ഭാസിയെ പോലുള്ള കോമഡി നടന്മാരായിരുന്നു. പിന്നീട് ഇടക്കാലത്ത് ഹരിഹരന്റെയൊക്കെ വരവോട് കൂടി കോമഡി തന്നെ പ്രധാന ഘടകമാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. പക്ഷേ അപ്പോഴും ചിത്രത്തിലെ നായകന് തമാശകളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു പതിവ്.
ഈ പതിവ് ആദ്യമായി തെറ്റിച്ചത് പൂച്ചക്കൊരു മൂക്കുത്തിയാണ്. നായകനും രണ്ടു സീനുള്ളവനും അര സീനുള്ളവനുമെല്ലാം വന്ന് ചറപറ കോമഡി പറയാന്‍ തുടങ്ങി. തമിഴും ബാക്കിയുള്ള ഭാഷകളിലെ സിനിമകളും ഏറെക്കുറെ 20 വര്‍ഷത്തിന് ശേഷമാണ് ഈ കോമഡി ട്രാക്ക് സിസ്റ്റത്തില്‍നിന്ന് പുറത്ത് കടന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ മലയാള സിനിമയിലെ കോമഡികളിലെ 20 വര്‍ഷം മുന്നോട്ട് നടത്തിക്കുകയാണ് പൂച്ചക്കൊരു മൂക്കുത്തിയിലൂടെ പ്രിയന് ചെയ്തത്.
ഒരു ഹൈപ്പര്‍ ലിങ്ക് ഫോര്‍മാറ്റിലുള്ള കഥ പറച്ചിലായത് കാരണം തിരക്കഥ വര്‍ക്ക് ഔട്ടാകുമോ എന്ന പേടിയും പ്രിയനുണ്ടായിരുന്നു. ഷൂട്ടിന്റെ തലേ ദിവസം ശ്രീനിവാസന് തിരക്കഥ വായിച്ച് നോക്കാന്‍ ഇടയായി. ഒരു ചെസ്സ് കളിക്കാരന്റെ ബുദ്ധിയോടെ എല്ലാ കഥാപാത്രങ്ങളെയും തുന്നി ചേര്‍ത്തുവെച്ച പ്രിയന്റെ തിരക്കഥ കണ്ട് ശ്രീനിവാസന് അമ്പരന്നു. അന്ന് ശ്രീനിവാസന് നല്കിയ ഊര്‍ജ്ജമാണ് പൂച്ചക്കൊരു മൂക്കുത്തിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പ്രിയനെ പ്രേരിപ്പിച്ചത്.
മോഹന്‍ലാല്‍ എന്ന നടനെ ആദ്യമായി അഴിഞ്ഞാടാന്‍ വിട്ടതും ഈ ചിത്രത്തിലാണ്. മോഹന്‍ലാല്‍ മാത്രമല്ല സുകുമാരി, ജഗതി, പപ്പു തുടങ്ങിയവരുടെ ഇളകിയാടുന്ന പ്രകടനങ്ങളും പൂച്ചക്കൊരു മുക്കുത്തിയില് കാണാന്‍ കഴിയും. കാസ്റ്റിംങ്ങിലുമുണ്ട് കൗതുകങ്ങള്‍ വേറെ. ഉരിയാടാത്ത ലോഡ്ജ് മുതലാളിയായ ചെല്ലപ്പന്‍നായരെ അവതരിപ്പിച്ചിരിക്കുന്നത് പ്രിയദര്‍ശന്റെ അമ്മാവനാണ്.
ചാള്‍സ് ഡിക്കന്‍സിന്റെ സ്ട്രെയിഞ്ച് ജെന്റില്മാന് എന്ന നാടകമാണ് പൂച്ചക്കൊരു മൂക്കുത്തിയുടെ പ്രചോദനം. കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തിന്റെ ട്രാക്ക് ഈ നാടകത്തില്‍നിന്ന് എടുത്തിട്ടുള്ളതാണ്. ചിത്രത്തിലെ നെടുമുടിയുടെയും സുകുമാരിയുടെയും സീനുകള്‍ പ്രിയന്റെ അച്ഛന്റെയും അമ്മയുടെയും
വഴക്കുകളില്‍ നിന്ന് പിറവിയെടുത്തതാണ്. പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ പ്രിയനോട് മിണ്ടിയില്ല എന്നതും ചരിത്രം. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി. കേരളത്തില്‍ സെന്‍സര്‍ ചെയ്ത ആദ്യ ചിത്രങ്ങളിലൊന്നാണ് പൂച്ചക്കൊരു മുക്കൂത്തി. ആറ് ഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ട ചിത്രം അതിന്റെ 31-ാം വാര്‍ഷികത്തില്‍ പഞ്ചാബിയിലും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.
Recent Comments