അരവിന്ദ് സ്വാമി നായകകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ‘ഭാസ്കര്‍ ഒരു റാസ്കലി’ന്റെ നിര്‍മ്മാതാവിനെതിരെ മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്കാത്തതിനും കടമെടുത്ത 35 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനുമാണഅ നിര്‍മ്മാതാവ് കെ. മുരുകനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കര്‍ ദ റാസ്കല്‍ എന്ന മലയാള സിനിമയുടെ റീമേക്കാണ് ഭാസ്കര്‍ ഒരു റാസ്കല്‍.
2017 ഏപ്രില്‍ ഏഴിനാണ് അരവിന്ദ് സ്വാമി നിര്‍മ്മാതാവുമായി കരാര്‍ ഒപ്പുവെച്ചത്. മൂന്നു കോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. തുകയില്‍നിന്ന് നികുതി പിടിച്ച് ആദായനികുതി വകുപ്പിന് നല്‍കുമെന്നും കരാറുണ്ടായിരുന്നു. 2018 മെയ് 17 ന് സിനിമ റിലീസ് ചെയ്തെങ്കിലും 30 ലക്ഷം രൂപ നിര്‍മ്മാതാവ് അരവിന്ദ് സ്വാമിക്ക് നല്‍കാനുണ്ടായിരുന്നു. നികുതിത്തുകയായ 27 ലക്ഷം ആദായനികുതി വകുപ്പില്‍ അടച്ചതുമില്ല. ആയതിനാല്‍ 18 ശതമാനം പരിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്ക് നല്‍കാനും ആദായനികുതി വകുപ്പില്‍ 27 ലക്ഷം അടയ്ക്കാനും നേരത്തേ നിര്‍മ്മാതാവിനോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ തന്റെ കൈവശം യാതൊരു സ്വത്തുമില്ലെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തി. തുടര്‍ന്നാണ് സ്വത്ത് വിവരം നല്കാന് ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍മ്മാതാവ് ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിനായി 37 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു കേസും നിര്‍മ്മാതാവിന്റെ പേരിലുണ്ട്.
Recent Comments