ജൂണ്‍ 30 നാണ് താരസംഘടനയായ അമ്മയുടെ പൊതുയോഗം. അന്ന് പുതിയ ഭരണസമിതിയിലേയ്ക്കുള്ള അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കും. നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ഖജാന്‍ജി സ്ഥാനത്തേയ്ക്കും എതിരാളികളില്ല. അതുകൊണ്ടുതന്നെ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും. പുതിയ ഖജാന്‍ജി ഉണ്ണി മുകുന്ദനാണ്.
ഇക്കഴിഞ്ഞ 13-ാം തീയതിയായിരുന്നു നോമിനേഷന് നല്‍കാനുള്ള അവസാന തീയതി. 18 ന് പത്രിക പിന്‍വലിക്കാനുള്ള അവസരവും നല്കി. തുടര്‍ന്നാണ് ഇന്ന് രാവിലെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണ പട്ടിക അമ്മ പ്രസിദ്ധപ്പെടുത്തിയത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് കനത്ത മത്സരം നടക്കുന്നത്. കുക്കു പരമേശ്വരന്, സിദ്ധിക്ക്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. ജഗദീഷ്, ജയന്, മഞ്ജുപിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരാളും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ മത്സരം കടുക്കും എന്നുറപ്പാണ്.
അനൂപ് ചന്ദ്രനും ബാബുരാജുമാണ് ജോയിന്റ് സെക്രട്ടറിമാരായി മത്സരിക്കുന്നത്. ഇവരില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെടും. അനന്യ, ഹന്‍സിബ ഹസന്, ജോയി മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനിടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങളായി മത്സരിക്കുന്നത്. ഇവരില്‍നിന്ന് 11 പേര് തെരഞ്ഞെടുക്കപ്പെടും.
അമ്മയുടെ നിയമാവലി പ്രകാരം 17 അംഗ ഗവേണിംഗ് ബോഡിയില്‍ നാല് വനിതാ അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. ആദ്യം ഭാരവാഹികളുടെ വോട്ടെടുപ്പാണ് നടക്കുന്നത്. തുടര്‍ന്ന് എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും. ജൂണ്‍ 30 രാവിലെ 11 മണി മുതലാണ് തെരഞ്ഞെടുപ്പ്.
Recent Comments