താരസംഘടനയായ അമ്മയുടെ രൂപീകരണം മുതല്‍ ആ സംഘടനയ്ക്കൊപ്പമുള്ള അംഗമാണ് സുരേഷ് ഗോപി. ആദ്യകാലത്തെ അമ്മയുടെ സജീവ പ്രവര്‍ത്തകനും. ഇടയ്ക്ക് സംഘടനയിലെതന്നെ ചില അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹം അമ്മയില്‍നിന്ന് അകന്നു. അമ്മയുടെ പൊതുയോഗങ്ങളില്പോലും പങ്കെടുക്കാതെയായി.
എന്നാല്‍ കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ചില അംഗങ്ങള്‍ നടത്തിയ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അമ്മയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെവച്ച് തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു. രണ്ട് വര്‍ഷം മുമ്പെയുള്ള അമ്മയുടെ പൊതുയോഗത്തില്‍ അദ്ദേഹം ഭാര്യാസമേതനായിട്ടാണ് പങ്കെടുത്തത്. അവിടെവച്ച് അദ്ദേഹത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് അഘോഷിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചേര്‍ന്നായിരുന്നു.
ഇന്നിപ്പോള്‍ സുരേഷ് ഗോപി അമ്മയിലെ ഒരു അംഗം മാത്രമല്ല, കേന്ദ്ര സഹമന്ത്രി കൂടിയാണ്. പെട്രോളിയം, ടൂറിസം എന്നീ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയാണ് നിര്‍വ്വഹിക്കുന്നത്. അമ്മയിലെ ഏക കേന്ദ്രമന്ത്രിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് അംഗങ്ങള്‍. ജൂണ്‍ 30 ന് നടക്കുന്ന പൊതുയോഗത്തില്‍ സുരേഷ് ഗോപിയെ ആദരിക്കും.
അമ്മയില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയെ കൂടാതെ സംസ്ഥാന മന്ത്രി കൂടിയുണ്ട്. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ.ബി. ഗണേഷ്കുമാര്. മറ്റൊരു നിയമസഭാ സാമാജികന് കൊല്ലത്തുനിന്നുള്ള മുകേഷാണ്. മുമ്പ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റാണ് സംഘടനയില്‍ ഉണ്ടായിരുന്ന പാര്‍ലമെന്റംഗം.
Recent Comments