രാജാവ് നഗ്നനാണെന്ന് ഉറപ്പാണെങ്കില്‍ അത് വിളിച്ചു പറയുന്നത് ഒരു തെറ്റല്ല. തങ്ങളുടെ രാജാവ് മറ്റുള്ളവര്‍ക്കുമുന്നില്‍ അപഹാസ്യവാനാകരുത് എന്നുള്ള ചിന്തയില്‍ നിന്നുമാണ് അത്തരത്തില്‍ ഒരു വിളിച്ചുപറയല്‍ ഉണ്ടാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം -സിപിഐ പാര്‍ട്ടികളുടെ യോഗത്തിലെ, പുറത്തുവന്ന വാര്‍ത്തകള്‍ വിശ്വ സിക്കാമെങ്കില് സത്യം വിളിച്ചുപറയാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് ഇനിയും കൈവന്നിട്ടില്ലെന്നും സിപിഐക്ക് കൈമോശം വന്നിട്ടില്ലെന്നും വേണം കരുതുവാന്‍.
തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമായിട്ടും പറയേണ്ടവരുടെ മുഖത്ത് നോക്കി അതുപറയുവാന്‍ സിപിഎമ്മിലെ ഘടകടിയന്മാര്ക്ക് മുട്ട് വിറയ്ക്കുമ്പോള്‍ സിപിഐക്കാര്‍ വസ്തുതകള്‍ തുറന്നുപറയുവാന്‍ കാണിച്ച ചങ്കൂറ്റം പ്രശംസനീയം തന്നെ. മുഖ്യമന്ത്രി മാത്രമല്ല സിപിഐയുടെ മന്ത്രിമാരും മാറണം എന്നുപറഞ്ഞ ഇടുക്കിയിലെ പ്രതിനിധികളും പറയാതെ പറഞ്ഞ കൊല്ലത്തെയും കോഴിക്കോട്ടെയും പ്രതിനിധികള്‍ മറ്റുചിലതു കൂടി പറഞ്ഞു.
സിപിഐ ഇടതുമുന്നണി വിടണമെന്നും, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിലും സഹകരിച്ചുകൂടാ എന്നുമാണ് പ്രതിനിധികള്‍ ചോദിച്ചത്. അതുമാത്രമല്ല, കോണ്‍ഗ്രസ്സുമായി സഹകരിച്ചിരുന്ന കാലത്താണ് സിപിഐ യ്ക്ക് വളര്‍ച്ച ഉണ്ടായതെന്നും പാര്‍ട്ടിക്ക് അന്ന് രണ്ട് മുഖ്യമന്ത്രിമാരെ കിട്ടിയെന്നും പറഞ്ഞു.
ഒരു വലിയ സത്യം. അതായത് അണികളുടെ സംഖ്യ കണക്കാക്കിയാല്‍ ഇടതു മുന്നണിയിലെ വലിയ കക്ഷി എന്ന നിലയില്‍ നേതൃത്വം സിപിഎംന് ആണെങ്കിലും ഇടതുമുന്നണിക്കുവേണ്ടി ഏറ്റവും വലിയ ത്യാഗം സഹിച്ചത് സിപിഐ ആണ്. ഇടതുമുന്നണി എന്ന ഇഎംഎസ്സിന്റെ ആശയത്തോട് സിപിഐ യോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ പി.കെ. വാസുദേവന്‍ നായര്‍ ആയിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖ്യമന്ത്രി. ആ സ്ഥാനം ഉപേക്ഷിച്ച് വന്നാല്‍ ഇടതുമുന്നണി രൂപീകരണം ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാമെന്ന് ഇ.എം.എസ് പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പികെവിയെക്കൊണ്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്പ്പിച്ച പാര്‍ട്ടിയാണ് സിപിഐ. പിന്നീട് ഇന്നുവരെ അങ്ങനൊരു ചിന്ത അവരെ അലട്ടിയിട്ടില്ല എന്നതാണ് സത്യം. അലട്ടിയിട്ടു കാര്യമില്ലെന്നുള്ളത് അതിലും വലിയ സത്യം.
Recent Comments