സിനിമകളുടെ കച്ചവടം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ ജിയോ സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചു. ജിയോയ്ക്ക് സിനിമ വില്‍ക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിര്‍മ്മാതാക്കളുടെ പക്കല്‍നിന്നും ഒരു സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ഒടിടി-സാറ്റലൈറ്റ് അവകാശം വാങ്ങുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരുടെ വിശദാംശങ്ങള്‍ രാജ്യത്തെ മറ്റ് പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളോടും ടിവി ചാനലുകളോടും തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജിയോ സിനിമ ഇതുവരെ ഒരു മലയാളം സിനിമയുടെപോലും ഒടിടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെ സിനിമകള്‍ വാങ്ങാനുള്ള തീരുമാനം ജിയോ നിര്‍ത്തിവെച്ചതായാണ് വിവരം.
ജിയോയില്‍ സിനിമ വിറ്റുതരാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിപ്പുസംഘം നിര്‍മ്മാതാക്കളില്‍നിന്ന് കൈക്കലാക്കിയത്. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാവായിരുന്നയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കുന്ന നിര്‍മ്മാതാക്കള്‍ക്ക് നിയമപിന്തുണ നല്‍കാനും അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്.
Recent Comments