ദളപതിയും തൃഷയും പ്രണയത്തിലോ? സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത് ഇപ്പോള്‍. വിജയ്യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു സംശയം മുള പൊട്ടിയത്. ‘ശാന്തതയില്‍നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്’ എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. ‘നമ്മള് ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച് ഇഴുകി ചേരേണ്ടവരാണ്’ എന്ന വരികളുള്ള ബേര്‍ഡ്സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍.
View this post on Instagram
ഗില്ലി മുതലായ ചിത്രങ്ങളിലൂടെ വിജയ്യുടെ ഏറ്റവും മികച്ച ജോഡിയായി വിലയിരുത്തപ്പെടുന്ന നടിയാണ് തൃഷ. ഈ അടുത്തിറങ്ങിയ വിജയ് ചിത്രമായ ലിയോയില്‍ ഇവര്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവര്‍ സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയ ഘടകമായിരുന്നു. ഈ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി നിലനില്‍ക്കുമ്പോഴാണ് ഓഫ് സ്ക്രീനിലെ ചേര്‍ച്ചകളെ കുറിച്ച് ഓണ്‍ലൈന്‍ ശാസ്ത്രപരിഷകള് ഗവേഷണം ചെയ്ത് കൊണ്ടിരിക്കുന്നത്.
ഇനി വ്യക്തി ജീവിതത്തിലേക്ക് വരുകയാണെങ്കില്‍, ബിസിനസുകാരനായ വരുണ്‍ മണിയനുമായി 2015 ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ ഇരുവരും ഈ ബന്ധത്തില്‍ നിന്ന് പിരിഞ്ഞു എന്ന് വാര്‍ത്തകളാണ് പിന്നീട് വന്നത്. അങ്ങനെ അവിവാഹിതയായി തുടരുകയാണ് 41 വയസ്സുള്ള തൃഷ.
നിലവിലുള്ള ഭാര്യയുമായുള്ള ബന്ധം വിജയ് ഉടനെ ഉപേക്ഷിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സാധാരണയായി വിജയ്യുടെ എല്ലാ പൊതു പരിപാടികളിലും ഭാര്യയും പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി വിജയ്യുടെ കൂടെ ഭാര്യയെ കാണാനേ കഴിയുന്നില്ല. ഇതിനെല്ലാം പുറമെയാണ് ഇവര്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്. ഇത് വിജയ്യുടെ തൃഷയുമായുള്ള ബന്ധത്തിനെ സൂചിപ്പിക്കുന്നു എന്നാണ് ചില നിരീക്ഷകരുടെ കണ്ടെത്തല്‍.
വെറുമൊരു പോസ്റ്റു മാത്രമല്ല ഇത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നത്. മറ്റാരുടെയും പടമോ ജന്മദിനാശംസകളോ തൃഷ സോഷ്യല്‍ മീഡിയയില്‍ കൂടി സാധാരണയായി പങ്കുവെക്കാറില്ല. എന്നാല്‍ വിജയ്ക്ക് വേണ്ടി മാത്രമുള്ള ഈ പ്രത്യേക പോസ്റ്റ് തൃഷയുടെ സ്നേഹ പ്രദര്‍ശനമായി വിലയിരുത്താം. അത് എത്തരത്തിലുള്ള സ്നേഹമാണ് എന്ന പരിശോധനാഫലങ്ങളാണ് ഇനി വരാനുള്ളത്. ദിവ്യാനുരാഗത്തിന്റെ ചേഷ്ടകളാണ് ഇവ എന്നാണ് തമിഴ് സിനിമ ഇന്ഡസ്റ്ററിക്ക് അകത്തുള്ള ടോക്ക്.
പക്ഷേ പ്രധാന ചോദ്യം ഇനിയാണ് വരുന്നത്. വിജയ് തൃഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യം സ്വയം ഉന്നയിച്ച് വിഷമവൃത്തത്തിലായിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. ഏതായാലും സംഗതി സത്യമാണെങ്കില്‍ ഈ ചോദ്യം വലിയൊരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ തമിഴ് മണ്ണില്‍ അലയടിക്കും എന്നത് തീര്‍ച്ചയാണ്. ഇരുവരുടെയും വിവാഹമെന്ന് പറയുന്നത് തൃഷയുടെ തലൈവിയായിട്ടുള്ള പട്ടാഭിഷേകം കൂടിയാണ് എന്നതാണ് ഇതിലെ ഒളിഞ്ഞിരിക്കുന്ന വസ്തുത.
സംഗതി സത്യമാണെങ്കിലും ഇല്ലെങ്കിലും വിജയ് ഒരു പുനര്‍വിവാഹത്തെ കുറിച്ച് ചിന്തിക്കുകയില്ലെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. രാഷ്ട്രീത്തിന്റെ ചൂടും ചൂരും അറിയാന്‍ ഗോഥയിലേക്ക് ഇറങ്ങുന്ന വിജയ്യുടെ രാഷ്ട്രീയ ഭാവിയെ ഒരു പുനര്‍വിവാഹം ചിലപ്പോള്‍ ദോഷമായി ബാധിച്ചേക്കാം. രാഷ്ട്രീയത്തില്‍ വീശാന്‍ പോകുന്ന ചുരികതലപ്പിന്റെ മൂര്‍ച്ച ഇല്ലാതാക്കുന്ന ഒരു തീരുമാനവും വിജയ് ഈ അവസരത്തില്‍ എടുക്കാന്‍ സാധ്യതയില്ല. രാഷ്ട്രീയ തീരുമാനങ്ങളെക്കാള്‍ വലുതല്ല വിജയ്ക്ക് ഒരു തിരുമണവും. തമിഴ് നാടിന്റെ മാപ്പിളയാകാനാണ് ഇപ്പോള്‍ ആ ഹൃദയം തുടിക്കുന്നത്. അതുകൊണ്ട് ഇരുവരും ഇഷ്ടത്തിലാണെങ്കില്‍ തന്നെ വിവാഹത്തില്‍ കുറഞ്ഞുള്ള ഏതെങ്കിലും ബന്ധത്തിനായിരിക്കും വിജയ് താല്പര്യപ്പെടുന്നത്. തൃഷയ്ക്കും ഇനി ഒരു സാമ്പ്രദായിക വിവാഹത്തില്‍ താല്പര്യമുണ്ടോ എന്നും അറിയില്ല.
പക്ഷേ ഓര്‍ക്കുക ഇത് സിനിമ ലോകമാണ്. സിനിമയില്‍ ചത്തവന് ഉയിര്ത്തേഴുന്നേല്ക്കാം, ഉയിര്ത്തേഴുന്നേറ്റവന് വീണ്ടും ചത്തേക്കാം. അതുപോലെ എന്തും നടക്കാനുള്ള സാധ്യത സിനിമാക്കാരുടെ കാര്യത്തിലുമുണ്ട്. അത് കാരണം വിവാഹത്തിന്റെ സാധ്യതകളെയും പൂര്‍ണ്ണമായി തള്ളി കളയാനാവില്ല. ദളപതിയുടെ തലൈവിയായി തൃഷ വരുമോ എന്ന് കണ്ട് തന്നെ അറിയണം കോശി.
Recent Comments