സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി. 1986 കാലത്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു വിദ്യഭ്യാസ മന്ത്രി. മന്ത്രിയുടെ പരിഹാസത്തിനെതിരെ എസ് എഫ് ഐയില്‍ പ്രതിഷേധം ഉണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം തങ്ങളുടെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മുമ്പാകെ ഉന്നയിക്കുമെന്നാണ് പറയപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എസ്എഫ്ഐയെ മന്ത്രി പരിഹസിച്ചത്. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേയെന്നും ഉഷാറായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു.
സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റ് വിഷയത്തില്‍ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്ന് നിയമസഭയില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുകയുണ്ടായി.
Recent Comments