ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിദയനീയമായി പരാജയപ്പെടുകയും ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് വെള്ളാപ്പള്ളി നടേശ നെയാണ്. 26 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കാര്യം പരിതാപകരമായിരിക്കും എന്ന് തിരിച്ചറിയുന്ന വെള്ളാപ്പള്ളി എല്‍ഡിഎഫ് തന്നെ രക്തസാക്ഷി ആക്കുന്ന മുഹൂര്‍ത്തത്തിനായി കാത്തി രിക്കുകയായിരുന്നു.
പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന വിശകലനയോഗങ്ങളില്‍, സിപിഎമ്മിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകളിലുണ്ടായ ചോര്‍ച്ച ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് വെള്ളാപ്പള്ളിയെയാണ്. പ്രത്യേകിച്ചും ആറ്റിങ്ങലില്‍ ജോയിയുടെ പരാജയത്തില്‍. അവിടെയുള്പ്പടെ ഈഴവ വോട്ടുകളില്‍ നല്ലൊരു ശതമാനം ബിജെപി യിലേക്ക് പോയി എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. തങ്ങളോടൊപ്പം നിന്ന് നേടാവുന്നതൊക്കെ നേടുകയും നവോത്ഥാനസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായി അവരോധിക്കപെടുകയും ഒക്കെ ചെയ്തിട്ടും എല്‍ഡിഎഫ് ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് ബിജെപിയെക്കാള്‍ ഉച്ചത്തില്‍ വെള്ളാപ്പള്ളി വിളിച്ചു പറയുന്നതിലും മുന്നണിയില്‍ അമര്‍ഷമുണ്ട്. എന്നുമാത്രമല്ല സമസ്ത ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകള്‍ വെള്ളാ പ്പള്ളിക്കെതിരെ പരസ്യ നിലപാടുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നു.
ഈ ഒരു സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ അകറ്റിനിര്‍ത്താനാണ് സിപിഎം ആലോചിക്കുന്നത്. അതുതന്നെയാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും. എന്നുപറഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ബിജെപി കൂടാരത്തില്‍ ചേക്കേറും എന്ന് സാരം.
Recent Comments