ആലിംഗനം അപരാധമാണോ? ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ് മുന്‍മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ് ബ്രാഹ്മണ സമുദായാംഗവും കെ രാധാകൃഷ്ണന് പട്ടികജാതി വിഭാഗക്കാരനുമാണ്. അതാണ് വിവാദത്തിനു പിന്നില്‍ പ്രധാന കാരണമായി പറയപ്പെടുന്നത്.
യാഥാസ്ഥികര്‍ ഇവരുടെ ആലിംഗനത്തെ എതിര്‍ക്കുമ്പോള്‍ പുരോഗമനവാദികള്‍ ശക്തമായി അനുകൂലിക്കുകയാണ്. മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിടുമ്പോള്‍ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ് ഓര്‍ത്തില്ല. ”ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാന്‍ മലയാളി സ്ത്രീകള്‍ക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷമായി” എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി.
ഐഎഎസ് ഉദ്യോഗസ്ഥ മുന്‍ മന്ത്രിയെ ആലിംഗനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരിക്കല്‍ മന്ത്രിയായിരുന്ന കാലത്ത് ഡോ. എം എ കുട്ടപ്പന് പിആര്‍ഡിയിലെ ഒരു ഉദ്യോഗസ്ഥന് ഹസ്തദാനം നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മന്ത്രി കുട്ടപ്പന്റെ പരാതി പ്രകാരം അന്ന് പിആര്‍ഡി മന്ത്രി എംഎം ഹസന് സസ്പെന്റ് ചെയ്തു. അതുകൊണ്ട് ചട്ടപ്രകാരം ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ആലിംഗനം ചെയ്യാനോ മറ്റും പാടുള്ളതല്ല. ദിവ്യ എസ് അയ്യരുടെ കാര്യത്തില്‍ കെ രാധാകൃഷ്ണന് മുന്‍ മന്ത്രിയാണ്. കൂടാതെ അദ്ദേഹത്തിനു പരാതിയുമില്ല. കെ രാധാകൃഷ്ണന് അവിവാഹിതനാണ്. മുന്‍ മന്ത്രിയെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരം ആലിംഗനം ചെയ്യാമോ എന്ന് വിദഗ്ദ്ധര്‍ ആരും അഭിപ്രായപ്പെട്ടിട്ടില്ല.
പത്തനംതിട്ട കലക്ടറായിരുന്നപ്പോള്‍, അന്നു മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു. ഒരാള്‍ ആരെന്നറിയാന്‍ ഇതിലും വലിയ അടയാളപ്പെടുത്തല്‍ വേറെയില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍.
എംപിയായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന് രാജിവച്ച ദിവസം ഭര്‍ത്താവ് കെ.എസ്. ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.
Recent Comments