കൊല്ലം എസ് എന്‍ കൊളേജിനു സമീപം ടൌണ്‍ ഹാളിന് മുന്നിലുള്ള റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്കും ജിംനേഷ്യവും പാചകമേഖലയുമൊക്കെ വരുന്നു. പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും താഴെയുള്ള സ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിച്ചു പരിപാലിക്കുക എന്ന അര്‍ബന്‍ വോയിഡ്സ് സ്പേസ് അണ്ടര്‍ ബ്രിഡ്ജ് എന്ന പദ്ധതി യില്‍പ്പെടുത്തി കെടിഐഎല്‍ ആണ് നടപ്പിലാക്കുക.
പാലത്തിനടിയിലെ ഉപയോഗശൂന്യമായ 70 സെന്റ് സ്ഥലത്തെ നാലായി തിരിച്ചാണ് പദ്ധതി. പാര്‍ക്കിംഗ്, ഇന്ട്രാക്റ്റീവ് സോണ്‍, പാചക മേഖല എന്നിവയ്ക്കൊപ്പം പാര്‍ക്കിംഗ് സ്ഥലം, ബാഡ്മിന്റണ്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് ഒക്കെ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഒക്കെ നല്ല കാര്യം എന്ന് പറയുന്ന നാട്ടുകാര്‍ അശ്രാമം മൈതാനത്തോട് ചേര്‍ന്നുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും തങ്ങള്‍ കുഞ്ഞുമുസലിയാര്‍ പാര്‍ക്കിന്റെയും കലക്ടറേറ്റിനു മുന്നിലെ ടിഎം വര്‍ഗീസ് സ്മാരക പാര്ക്കിന്റെയുമൊക്കെ കാര്യം അധികൃതരെ ഓര്‍മിപ്പിക്കുകയാണ്. ഒപ്പം പുതിയ പദ്ധതി നടപ്പാക്കാന്‍ പോകുന്ന സ്ഥലത്തോട് ചേര്‍ന്നുള്ള മറ്റ് രണ്ട് പാര്‍ക്കുകളുടെ കാര്യവും. ഒന്ന്, നെഹ്റു പാര്‍ക്കാണ്. പിന്നൊന്ന് ടികെ ദിവാകരന് സ്മാരക പാര്‍ക്കും.
അതിനൊരു കഥകൂടിയുണ്ട്. സംസ്ഥാന പൊതുമരാമത്തു മന്ത്രിയായിട്ടിരിക്കുമ്പോഴാണല്ലോ ടി കെ ദിവാകരന് മരണമടയുന്നത്. തിരുവനന്തപുരത്തുനിന്നും മൃതദേഹം കൊല്ലത്ത് കൊണ്ടുവന്നത് ഇത്തിക്കര വഴിയായിരുന്നു. അന്ന് പണിപൂര്‍ത്തിയായെങ്കിലും ഇത്തിക്കര പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. എങ്കിലും ആ പാലത്തി ലൂടെയാണ് ടികെയുടെ ഭൗതിക ശരീരം കൊല്ലത്ത് എത്തിച്ചത്. പിന്നെ സംസ്കാരം എവിടെ നടത്തുമെന്നായി. അതിന് കണ്ടത് നെഹ്റുപാര്ക്കായിരുന്നു. പക്ഷെ നെഹ്റുവിന്റെ പേരിലുള്ള പാര്‍ക്ക് വെട്ടിമുറിച്ചു സ്മാരകം നിര്‍മ്മിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ടായി. ഒടുവില്‍ ഭരണകേന്ദ്രത്തില്‍ നിന്നുള്ള ഇടപെടലിനെതുടര്‍ന്നാണ് നെഹ്റുപാര്ക്കു മുറിച്ച് ടികെയുടെ സ്മാരകമാക്കാന് കൂടി തീരുമാനിച്ചത്. ആ രണ്ട് പാര്‍ക്കുകളുടെ ഇന്നത്തെ സ്ഥിതിയും തഥൈവയാണ്.
Recent Comments