എല്ലാ സാഹിത്യ രൂപങ്ങളിലും മാര്‍ഗദീപങ്ങളായ രചയിതാക്കളുടെ ത്രയങ്ങള്‍ രൂപപ്പെടാറുണ്ട്. മലയാള കവിതയിലും മലയാള സിനിമ ഗാനരചനാ ശാഖയിലുമെല്ലാം ത്രയങ്ങളായി നിര്‍വചിക്കപ്പെട്ട എഴുത്തുകാരുണ്ട്. അതുപോലെ തന്നെ സിനിമയുടെ സാഹിത്യമായ തിരക്കഥയ്ക്കുമുണ്ട് അവകാശപ്പെടാനൊരു ത്രയം. എംടി, പദ്മരാജന് പിന്നെ ഇവരുടെ പിന്നാലെ വന്നെത്തിയ മൂന്നാമനായ അംബരത്തില്‍ കരുണാകരന് മകന് ലോഹി അഥവാ ലോഹിതദാസ്. തിരക്കഥാ രചനയെ വെറും അപ്ലൈഡ് ആര്‍ട്ടായി കാണാതിരുന്ന ചുരുക്കം ചില എഴുത്തുകാരെ നമുക്ക് ഉണ്ടായിട്ടുള്ളു. ലോഹിക്ക് തിരക്കഥകള്‍ ആത്മാവിഷ്കാരങ്ങളായിരുന്നു. വൈകാരികതയുടെ ഒരു ബിന്ദുവില്‍ നിന്ന് പടര്‍ത്തി വിടുന്ന വള്ളികള്‍ പ്രേക്ഷകന് ചുറ്റും വലയം തീര്‍ക്കുകയും ശ്വാസം മുട്ടുന്ന രീതിയില്‍ ഞെരിക്കുകയും ചെയ്യുന്നതാണ് ലോഹിയുടെ എഴുത്തുകളുടെ ഒരു പൊതു സ്വഭാവം.
ഇത് വാണിജ്യത്തിന്, ഇത് അവാര്‍ഡിന്, ഇത് കലാമൂല്യത്തിന് എന്നിങ്ങനെ വേര്‍തിരിക്കാതെ സിനിമയെ നോക്കി കാണാനും പ്രേക്ഷകനുമായി ഏറ്റവും ലളിതമായി സംവേദിക്കുന്ന തിരക്കഥകളുണ്ടാക്കാനും ലോഹിക്ക് കഴിഞ്ഞിരുന്നു. ഒന്നും കൂടി തറപ്പിച്ചു പറഞ്ഞാല്‍ ലോഹിയെ പോലെ ലോഹിക്ക് മാത്രമെ അത് കഴിഞ്ഞിരുന്നുള്ളു. ഒരിക്കലെങ്കിലും അച്ഛന്റെ വാത്സല്യം അനുഭവിക്കാന്‍ സാധിച്ച ഏതൊരു മലയാളിക്കും കിരീടവും, വീണ്ടും ചില വീട്ടുകാര്യങ്ങളും സമ്മാനിക്കുന്നത് നെഞ്ച് നുറുങ്ങുന്ന വൈകാരികതയുടെ ഒരു തലമാണ്. എന്നാല്‍ ഇവ രണ്ടും എഴുതി ഉണ്ടാക്കിയത് ചെറുപ്പത്തില്‍ തന്നെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു മകനാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. അത്രമാത്രം ഉന്നതിയിലായിരുന്നു ലോഹി എന്ന സര്‍ഗ്ഗ പ്രതിഭ.
സിന്ധു ശാന്തമായി ഒഴുകുന്നു ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. പിന്നീട് പേര് വെക്കാത്ത തിരക്കഥാകൃത്തായി പല സിനിമകളും എഴുതി കൊടുത്തു. ഇയാള്‍ എഴുതുന്നതെല്ലാം ഒരു പടി മുകളിലാണെന്നുള്ള പ്രശംസയ്ക്ക് തുല്യമായ പഴി അന്ന് നിലവാരം കുറഞ്ഞ സിനിമ നിര്‍മാതാക്കളുടെ ഇടയില്‍ നിന്ന് ലോഹിതദാസ് കേട്ടിരുന്നു.
തനിയാവര്‍ത്തനത്തിലൂടെ ഏതൊരു തിരക്കഥാകൃത്തിനും സ്വപ്ന തുലാമായ ഒരു തിരക്കഥ എഴുതി കൊണ്ടായിരുന്നു ലോഹിതദാസ് ഔദ്യോഗികമായി മലയാള സിനിമയിലേക്ക് കടന്ന് വന്നത്. ചിത്രത്തിന്റെ ആദ്യ സീനുകള്‍ തന്നെ അതിഗംഭീരം. മകന് വിഷം കൂട്ടി ചോറ് കൊടുക്കുന്ന അമ്മയെ അന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലായിരുന്നു. പണക്കുറവ് മൂലം ചിത്രത്തിലെ ചെറിയൊരു പാട്ട് ചിത്രീകരിക്കാന്‍ മദ്രാസിലൂടെ തെണ്ടി നടന്ന ലോഹിതദാസും തനിയാവര്ത്തനത്തിന് പിന്നിലുണ്ട്. പിന്നീട് തെരുവിലിരുന്ന് കരഞ്ഞ കിരീടത്തിലെ സേതുമാധവനെയും ജനവും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു.
സത്യന് അന്തിക്കാടിന്റെ ഒപ്പമുള്ള കുടുംബപുരാണത്തിന് ശേഷം ലോഹിയുടെ തിരക്കഥകള്‍ അതിവൈകാരികതയില്‍ നിന്ന് കുറച്ചും കൂടി ലൈറ്ററായ പശ്ചാത്തലങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. ഒരു തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നിട്ട് കൂടി കുടുംബപുരാണത്തിലെ ലോഹി ടച്ചസ് വളരെ വ്യക്തമായി കാണാന്‍ സാധിക്കും. നര്‍മ്മത്തിന്റെ ഒരു ഫ്ളേവര്‍ പിന്നീടുള്ള മിക്ക തിരക്കഥകളിലും കടന്ന് വന്നു. കഥാസന്ദര്‍ഭങ്ങളിലൂടെ സ്വഭാവികമായി പുഞ്ചിരി സൃഷ്ടിക്കാന്‍ ലോഹിക്ക് പല ചിത്രങ്ങളിലും കഴിഞ്ഞു. ഇത് ലോഹിയുടെ ചിത്രങ്ങളെ കൂടുതല്‍ ജനപ്രിയമാക്കാന്‍ സഹായിച്ചു.
സസ്നേഹവും ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും എല്ലാം ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായി മാറി. ജോഷിയുടെ കൂടെയുള്ള കൗരവരും, ഐ വി ശശിയുടെ കൂടെയുള്ള മൃഗയയും സ്ഥിരം ശൈലി വിട്ട് ലോഹി എഴുതിയ സിനിമകളായിരുന്നു. സിബി മലയിലിനും സത്യനും ഒപ്പം ലോഹിയുടെ തിരക്കഥകള്‍ അതിന്റെ പൂര്‍ണതയോടെ ചിത്രീകരിക്കാന്‍ കഴിഞ്ഞിരുന്നത് ഭരതനായിരുന്നു. വൈകാരികതയില്‍ ഊന്നിയുള്ള തിരക്കഥയെ കലാപരമായി എങ്ങനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാം എന്ന് ഭരതന് അമരത്തിലൂടെയും വെങ്കലത്തിലൂടെയും കാണിച്ചു തരുന്നു. ലോഹിയുടെ തിരക്കഥകളില്‍ അഭിനയിക്കുന്ന നടീനടന്മാര്ക്ക് അഭിനയത്തിന്റെ അനന്ത സാധ്യതകള്‍ തുറക്കപ്പെടുന്നു എന്ന് പറയേണ്ടതില്ലല്ലോ. അഭിനേതാക്കള്‍ സ്വന്തമാക്കിയ പുരസ്കാരങ്ങളുടെ എണ്ണം മാത്രം മതി ലോഹിയുടെ കഥാപാത്രങ്ങളുടെ ആഴം മനസ്സിലാക്കാന്‍.
ഇതിനിടയില്‍ ചകോരത്തിന്റെ പരാജയം മാനസികമായി തളര്‍ത്തിയപ്പോള്‍ ഇനി സിനിമ ചെയ്യേണ്ടതില്ലെന്ന് ലോഹി തീരുമാനിച്ചു. അങ്ങനെ ഒമ്പത് മാസം സിനിമയില്ലാതെ ലോഹി വീട്ടില്‍ തന്നെ ഇരിക്കുകയും അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുവാനും തുടങ്ങി. ഒരു ദിവസം സത്യന് അന്തിക്കാട് വീട്ടില്‍ ചെന്ന് പറഞ്ഞു ‘താനൊന്ന് മൂളിയാല്‍ മതി, കാശ് വന്നിരിക്കും എന്ന്’. ലോഹി മൂളി കുറച്ച് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം രൂപ വീട്ടില്‍ എത്തി. അങ്ങനെ ഉണ്ടായ ചിത്രമാണ് തൂവല്‍ക്കൊട്ടാരം. ഇന്‍ഡസ്റ്ററിയില്‍ ലോഹി എന്ന എഴുത്തുകാരന്റെ വില അഥവാ പ്രാധാന്യം ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്.
അപ്രഖ്യാപിതമായ ഒരു സിനിമ സീരീസും ലോഹിയുടെ ഫിലിമോഗ്രഫിയിലുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട സ്നേഹം എന്ന വിഷയത്തിന്റെ വിവിധ അവസ്ഥാന്തരങ്ങളാണ് സല്ലാപം, ഉദ്യാനപാലകന്‍, തൂവല്‍ക്കൊട്ടാരം എന്നീ മൂന്ന് ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഒരു ചിത്രവും മറ്റൊരു ചിത്രവുമായി പ്രത്യക്ഷത്തില്‍ ബന്ധം ഒന്നും പുലര്‍ത്തുന്നുമില്ല. പിന്നീട് ഭൂതക്കണ്ണാടി എന്ന മികച്ച സിനിമയിലൂടെയായിരുന്നു സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം. സംവിധായകനായ ലോഹിയുടെ കന്മദം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
മലയാള സിനിമ വേണ്ടത്ര കടന്ന് ചെന്നിട്ടില്ലാത്ത ജനവിഭാഗങ്ങളെ ലോഹി സൂക്ഷ്മമായി ഭൂതക്കണ്ണാടി വെച്ച് തന്നെ നിരീക്ഷിച്ചിരുന്നു. അവിടെയൊന്നും ഒരു വിഭാഗത്തിനെ താഴ്ത്തി കെട്ടാനോ ഉയര്‍ത്തി കാട്ടാനൊ ലോഹി തയാറായിരുന്നില്ല. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അലക്കുകാരുടെ ജീവിത പശ്ചാത്തലം കാണിക്കുന്നത് ഇതിന് ഉദാഹരണമാണ്. ആ വിഭാഗങ്ങളിലെ മനുഷ്യരെ അടയാളപ്പെടുത്തുകയാണ് ലോഹി ചെയ്തത്. അല്ലാതെ ഇന്നത്തെ തിരക്കഥകളിലെ പോലെ വായ്ത്തല പോയ ഒരു രാഷ്ട്രീയ വിഷയത്തിന്റെ കമന്ററി ദൃശ്യവത്കരിക്കുകയായിരുന്നില്ല അതൊന്നും. ഉയര്‍ന്ന ചിന്താഗതിയുള്ളവര്‍ എന്ന് സ്വയം വിശ്വസിക്കുന്ന മൂഢന്മാരുടെ നാല് കൈയടി കൂടുതല്‍ കിട്ടാന്‍ വേണ്ടി ഒരു ഡയലോഗും കുത്തിക്കേറ്റിയിട്ടില്ല എന്നതും ഇന്നത്തെ സിനിമാക്കാര് കണ്ടു പഠിക്കേണ്ട കാര്യമാണ്.
ജീവിതത്തിലെന്നപോലെ പരാജയപ്പെട്ടവരായിരുന്നു ലോഹിയുടെ നായകരില്‍ ഏറെയും. അതുകൊണ്ട് തന്നെ സമൂഹമായിരുന്നു ലോഹിയുടെ മിക്ക കഥയിലെയും വില്ലന്‍. വിദ്യാധരന് പാമ്പിനെ സമീപിക്കുന്ന അതേ ഭയത്തോടെയാണ് ലോഹിയും സാമൂഹിക പ്രശ്നങ്ങളെ നോക്കി കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ലോഹിക്ക് പകരം വെക്കാന്‍ മലയാളത്തിന് വേറെ തിരക്കഥാകൃത്തുക്കള്‍ ഇല്ല. ആ നിലവാരത്തില്‍ ഒരേയൊരു ലോഹി മാത്രം.
ലോഹിതദാസിന് ഓര്‍മ്മ പൂക്കള്‍.
Recent Comments