വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ചു ഇന്ത്യയെ രണ്ടാംട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ നിന്നും വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപിച്ചു . മൂന്നിന് 34 എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റി, 59 പന്തിൽ രണ്ട് സിക്സറുകളും ആറ് ഫോറുകളും സഹിതം 76 റൺസ് നേടിയ കോഹ്ലി ഫൈനൽ മത്സരത്തിൽ കളിയിലെ താരമായാണ് വിരമിച്ചത്
ഇന്ത്യയ്ക്കുവേണ്ടിയുള്ള തൻ്റെ അവസാന T20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്ലി പറഞ്ഞു.
11 വർഷത്തിന് ശേഷം രാജ്യം ട്വന്റി 20 ലോകകപ്പിൽ മുത്തമിട്ട ശേഷം, “ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്,” എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.
ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോഹ്ലിക്ക് പിന്നാലെ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം രോഹിത് ശർമ്മയും പ്രഖ്യാപിച്ചു . “ഇത് എൻ്റെ അവസാന T20 മത്സരമായിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്,” രോഹിത് പറഞ്ഞു.
“എനിക്ക് ഒരു കാര്യം പറയാനുണ്ട്. അതൊരു(വിരമിക്കൽ ) പരസ്യമായ രഹസ്യമായിരുന്നു . ഞങ്ങൾ തോറ്റാലും ഞാൻ വിരമിക്കുമായിരുന്നു . ട്വന്റി 20 അടുത്ത തലമുറ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായി,” കോഹ്ലി സ്ഥിരീകരിച്ചു. ടൂർണമെന്റിലെ താരം ഫൈനലിൽ രണ്ട് വിക്കറ്റ് നേടി വിജയത്തിൽ പ്രധാന പങ്കു വഹിച്ച ബൗളർ ജസ്പ്രീത് ബുംറയാണ്.
Recent Comments