തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആക്രമണം നടന്നപ്പോഴും അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വര്‍ഷങ്ങള്‍ക്കുശേഷം പടിയിറങ്ങുന്നതിന് മുമ്പായി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു മനസ്സു തുറന്ന് സംസാരിച്ചത്. അതേസമയം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്നസെന്റും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും ഇടവേള ബാബു പറഞ്ഞു.
താന്‍ പെയ്ഡ് സെക്രട്ടറിയാണെന്ന് ചില ഭാഗത്തുനിന്ന് ആരോപണം ഉയര്‍ന്നെന്നും ഇടവേള പറഞ്ഞു- ‘എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞത് ജഗതി ശ്രീകുമാറാണ്. എന്നാല്‍ അക്കാര്യം മുന്നോട്ട് പോയില്ല. അതിനുശേഷം 9 വര്‍ഷം മുന്‍പ് മാത്രമാണ് 30000 രൂപ വീതം അലവന്‍സ് തരാന്‍ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50000 രൂപയാക്കിയത്. അതില്‍ 20000 രൂപ ഡ്രൈവറിനും 20000 രൂപ ഫ്ളാറ്റിനുമാണ് നല്‍കുന്നത്. 10000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാന്‍ കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനയ്ക്ക് 32 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കി വച്ചിട്ടാണ് ഞാന്‍ പടിയിറങ്ങുന്നത്. ഞാന്‍ പദവിയിലിരുന്നപ്പോള്‍ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല. നിര്‍മ്മാതാക്കളും അഭിനേതാക്കളുമായി തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ സിനിമ നിര്‍ത്തി വയ്ക്കരുതെന്ന് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളതാണ്.’ ഇടവേള ബാബു പറഞ്ഞു.
‘അമ്മ’ വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയി. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഒരാള്‍ പോലും അതിന് മറുപടി പറഞ്ഞില്ല. അത്തരം കാര്യങ്ങള്‍ പറയുന്നതിന് പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയില്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു പറഞ്ഞു.
Recent Comments