ഈ മാസം (ജൂലൈ) നാലുദിവസം തുടര്‍ച്ചയായി റേഷന്‍ കടകള്‍ തുറക്കില്ല. ജൂലൈ 6 മുതല്‍ 9 വരെയാണ് റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുക.
സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച് 6ന് കടകള്‍ തുറക്കില്ല. 7ന് ഞായര്‍. 8നും 9നും വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും അടച്ച് സമരം ചെയ്യും. ഇതാണ് തുടര്‍ച്ചയായി നാലു ദിവസങ്ങള്‍ റേഷന്‍ കടകള്‍ തുറക്കാതിരിക്കാന്‍ കാരണം.
ജൂണ്‍ 19 ന് സി.ഐ.ടി.യു ഉള്‍പ്പെട്ടെ സംയുക്ത റേഷന്‍ കോഓര്‍ഡിനേഷന്‍ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോള്‍ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്താനാണ് സംയുക്ത റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും ജനറല്‍ സെക്രട്ടറി പി.ജി. പ്രിയന്‍കുമാറും അറിയിച്ചു.
അതേസമയം ജൂണിലെ റേഷന്‍ വിതരണം ജൂലായ് 5 വരെ നീട്ടി. ജൂലായിലെ റേഷന്‍ വിതരണം 8 മുതല്‍ ആരംഭിക്കും.
Recent Comments