വിജയ് യുടെ അച്ഛനും സംവിധായകനും നടനുമായ എസ്.എ. ചന്ദ്രശേഖര്‍ മകന്റെ പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചത് അടുത്തിടെയാണ്. എന്നാല്‍ അച്ഛന് രൂപം കൊടുത്ത പാര്‍ട്ടിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വിജയ് തുറന്നടിച്ചു. തന്റെ ചിത്രങ്ങളോ പേരോ ഈ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കരുതെന്നും തന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ആരുംതന്നെ അച്ഛന്റെ പാര്‍ട്ടിയില്‍ അംഗത്വം എടുക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കടുത്ത നിരാശയിലായിരുന്നു വിജയ് യുടെ ആരാധകര്‍.
ഇത് പഴയ കഥ. ഇപ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുകയാണ്. രജനി രാഷ്ട്രീയത്തില്‍നിന്നും പിന്മാറുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചന്ദ്രശേഖര്‍ വീണ്ടും തന്റെ മകനെ തമിഴകരാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അതിനു മുന്നോടിയായി വരുന്ന ജനുവരി 14 ന് അഖിലേന്ത്യ ദളപതിവിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കാന്‍ സാധ്യതയുണ്ട്. വിജയ് യുടെ ആരാധകരെ ഇരുപതോളം ജില്ലകളുടെ പാര്‍ട്ടിച്ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളൊന്നും വിജയ് യുടെ അറിവോടെ അല്ലെന്നും ചന്ദ്രശേഖര്‍ തുടങ്ങുന്ന പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിജയ് പക്ഷത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ വിജയ് അച്ഛന് ക്രിസ്മസ് സമ്മാനമായി വിലപിടിപ്പുള്ള ഒരു മോതിരം നല്കിയെന്നുള്ള വാദം പൊള്ളത്തരമാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലമായി അച്ഛനും മകനും തമ്മില്‍ നേരില്‍ കണ്ടിട്ടുപോലുമില്ല. അച്ഛന്റെ മൊബൈല്‍ നമ്പര്‍ വിജയ് ബ്ലോക്ക് ചെയ്തതായിട്ടാണ് അറിയുന്നത്.
Recent Comments