കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് മുന്‍ഗണനകള്‍ നിശ്ചയിച്ച് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കമിടാന്‍ തയ്യാറാവുകയാണ് സിപിഎം. ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ ബിജെപിക്ക് അനുകൂലമായ വോട്ട് ചോര്‍ച്ച പരിഹരിക്കുന്നത് അടക്കമുല്ല നയസമീപനങ്ങള്‍ക്കും അടുത്ത സംസ്ഥാന സമിതി രൂപം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന മേഖലാ യോഗങ്ങളില്‍ ഉയര്‍ന്നത്.
അതേസമയം ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ തിരുത്തേണ്ട മേഖലകള്‍ അക്കമിട്ട് പ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതല്‍ താഴേക്കുള്ള പാര്‍ട്ടി ഘടകങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത് സര്‍ക്കാരിനും സംഘടനയുടെ നയസമീപനങ്ങള്‍ക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മില്‍ കാര്യങ്ങളെത്തുന്നത്. വോട്ട് ചോര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാര്‍ട്ടിയില്‍ നിന്ന് തന്നെയെന്ന് സിപിഎമ്മിലെ ചിലര്‍ അടിവരയിടുന്നു. ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരിച്ചു പിടിക്കാനുള്ള നീക്കം നടത്താനും ആലോചിക്കുന്നുണ്ട്. ക്ഷേമ പദ്ധതികള്‍ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെങ്കിലും ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നും ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെയ്യണമെന്നുമാണ് പാര്‍ട്ടിയിലെ ആലോചന. ഇതിനായി മുന്‍ഗണന ക്രമം തീരുമാനിച്ച് മുന്നോട്ട് പോകണമെന്ന് അഭിപ്രായത്തിനാണ് മുന്‍തൂക്കം.
ക്ഷേമപെന്ഷന് കൃത്യമായി നല്‍കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന. സര്‍ക്കാരിന്റെ പ്രവര്‍ത്തനമാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് കാത്തിരുന്നു കാണണം. അതുകൊണ്ട് തിരുത്തല്‍ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിന് നിര്‍ണായകമാണ്.
Recent Comments