സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാന്‍ പോലീസിന് വിപുലമായ അധികാരം നല്കി രാജ്യത്ത് പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത. സംഘടിത കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉൾപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കിയിരിക്കുകയാണ് പുതിയ നിയമത്തിലൂടെ. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ സ്വര്‍ണ്ണക്കടത്ത് കേസ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് റഷീദ് പി എന്ന 62കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ഇയാളുടെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്.
കള്ളക്കടത്ത് നടത്തിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടിച്ചെടുക്കുന്നതില്‍ പോലീസിന് നേരത്തെ പരിമിതമായ അധികാരങ്ങളെ ഉണ്ടായിരുന്നുള്ളു. സിആര്‍പിസി സെക്ഷന്‍ 102 പ്രകാരം പോലീസ് സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണം. ശേഷം കേസ് കസ്റ്റംസിന് റഫര്‍ ചെയ്യും. എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 111(1) വിപുലമായ അധികാരങ്ങള്‍ പോലീസിന് നല്‍കുന്നുണ്ട്. ഈ വകുപ്പിലെ ‘നിയമവിരുദ്ധ വസ്തുക്കളുടെ കള്ളക്കടത്ത്’ എന്ന സെക്ഷനാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ പിടിക്കാന്‍ പോലീസ് ഉപയോഗിക്കുന്നത്. പിടിയിലാകുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈ വകുപ്പ് പ്രകാരം ലഭിക്കും. അഞ്ച് വര്‍ഷം തടവ് എന്നത് ജീവപര്യന്തം വരെ നീട്ടാനും വകുപ്പില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.ജൂലൈ ഒന്നിനാണ് ഭാരതീയ ന്യായ സംഹിത രാജ്യത്ത് നിലവിൽ വന്നത്
Recent Comments