മലയാളികളുടെ ധനുമാസമാണ് തമിഴര്‍ക്ക് മാര്‍ഗഴി. മാര്‍ഗഴി അവരുടെ ഉത്സവകാലമാണ്. തനത് കലാരൂപങ്ങള്‍ കെട്ടിയാടുന്നത് അവര്‍ ഈ ഉത്സവകാലത്താണ്. ഒരര്‍ത്ഥത്തില്‍ വര്‍ണ്ണാഭമാണ് മാര്‍ഗഴി.
എന്നാല്‍ കാലങ്ങള്‍ കഴിയുംതോറും അതിന്റെ പ്രാധാന്യവും കുറഞ്ഞുവരികയാണ്. പ്രതാപം നഷ്ടപ്പെട്ട തമിഴ് സാംസ്കാരിക കലാരൂപങ്ങളുടെ പ്രാധാന്യം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്യമത്തിലാണ് സുഹാസിനിയും രേവതിയും ശോഭനയും ഉമ അയ്യരും നിത്യമേനോനും, രമ്യാനമ്പീശനും, അനു ഹസ്സനും, കനിഹയും ജയശ്രീയും ഉള്‍പ്പെടുന്ന താരങ്ങള്‍.
തമിഴരുടെ ഇഷ്ട ദേവീസ്തുതിയായ ആണ്ടാളിന്റെ തിരുപ്പാവയുടെ ഒന്നാംഭാഗം ആലപിച്ചാണ് അവര്‍ മാര്‍ഗഴിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നത്. എം.എല്‍. വസന്തകുമാരിയാണ് ഇതിന്റെ ഒറിജിനല്‍ വെര്ഷന് പാടിയിരിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ ഇതില്‍ വരുത്തിയിട്ടുണ്ട്. ജി. രവിയാണ് കമ്പോസര്‍.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഇതിന്റെ റിക്കാര്‍ഡിംഗും. താരങ്ങളില്‍ മിക്കവരും അവരവരുടെ മൊബൈലില്തന്നെയാണ് ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് അയച്ചത്. മറ്റു ചിലരുടെ ഭാഗങ്ങള്‍ ഛായാഗ്രാഹകന്‍ ഭഗത്ത് നേരിട്ട് പകര്‍ത്തുകയായിരുന്നു.
സുഹാസിനി മണിരത്നത്തിന്റെ ആശയത്തിലും മേല്‍നോട്ടത്തിലുമാണ് ഈ മാര്‍ഗഴി കൂട്ടായ്മ രൂപംകൊണ്ടിരിക്കുന്നത്. പാട്ടിനനുസരിച്ച് വേദിയില്‍ ചുവട് വയ്ക്കുന്നത് പ്രശസ്ത നര്‍ത്തകി കൂടിയായ ശോഭനയാണ്. ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ശുഭശ്രീ ധനികാചലമാണ്. കെവിന്ദാസാണ് എഡിറ്റര്‍. ഖത്തറില്‍വച്ചാണ് ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.
‘കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സുന്ദരികളെ അണിനിരത്തി രവിവര്മ്മാചിത്രങ്ങളുടെ പുനരാഖ്യാനം ചെയ്തതും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുപോലെതന്നെ മാര്‍ഗഴി കൂട്ടായ്മയും എല്ലാവരുടെ അഭിനന്ദനം നേടുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷവും വ്യത്യസ്തമായ മറ്റൊരു കലാരൂപത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കും.’ സുഹാസിനി മണിരത്നം പറഞ്ഞു.
Recent Comments