‘വണ്ടി റോഡിന് ഓരം ചേര്‍ത്ത് നിര്‍ത്തിയിട്ട് ഞാന്‍ വിളിക്കാം’ സത്യന് അന്തിക്കാടിനെ വിളിക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍നിന്ന് ഫ്ളാറ്റിലേയ്ക്ക് കാറോടിച്ച് പോവുകയായിരുന്നു. അപ്പോഴാണ് ഈ മറുപടി ഉണ്ടായത്. അല്‍പ്പം കഴിഞ്ഞ് അദ്ദേഹം തിരിച്ച് വിളിച്ചു.
‘ഇപ്പോള്‍ സ്കൂള്‍ കുട്ടികളെ പോലെയാണ്. വീട്ടില്‍നിന്ന് രാവിലത്തെ ഭക്ഷണവും കഴിച്ച് ഉച്ചയൂണുമായി ഫ്ളാറ്റിലേയ്ക്ക് പോകും. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. കൂട്ടിന് സോനുവും ഉണ്ട്. ചര്‍ച്ചകളൊക്കെ കഴിഞ്ഞ് രാത്രിയാണ് വീട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത്.’ ചിരിയോടെ സത്യന് പറഞ്ഞു.
‘കഴിഞ്ഞ ദിവസമാണ് ലാലിനെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത്. ആന്റണിയും തിരക്കഥാകൃത്ത് സോനുവും ഒപ്പമുണ്ടായിരുന്നു. തിരക്കഥ ലാലിന് ഏറെ ഇഷ്ടമായി. മുമ്പുതന്നെ ലാലിനോട് ഇതിന്റെ ആശയങ്ങള്‍ പറഞ്ഞിരുന്നതാണ്. ഇടയ്ക്കിടെ അതിന്റെ ഡിസ്കഷനും ഉണ്ടായിട്ടുണ്ട്. സമ്പൂര്‍ണ്ണമായൊരു വായന ഇന്നലെയാണ് നടന്നത്. അതിനുശേഷമാണ് പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടത്. ഹൃദയപൂര്‍വ്വം എന്നാണ് ടൈറ്റില്‍.’ സത്യന് തുടര്‍ന്നു
‘ഇത്തവണ പുതിയ തലമുറയിലെ ഒരുപാടുപേര് എനിക്കൊപ്പമുണ്ട്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനു ടി.പി. ആണ്. അടുത്തിടെ ഞാനൊരു ഷോര്‍ട്ട്ഫിലിം കണ്ടിരുന്നു. നൈറ്റ് കാള്‍ എന്നായിരുന്നു അതിന്റെ പേര്. സോനുവാണ് അതിന്റെ തിരക്കഥാകൃത്തും സംവിധായകനും. ഒരാള്‍ മാത്രമാണ് ആ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. എനിക്കത് ഇഷ്ടമായി. സോനുവിന്റെ നമ്പര്‍ തിരഞ്ഞ് കണ്ടെത്തി അയാളെ വിളിക്കുകയായിരുന്നു. അഭിനന്ദനം അറിയിച്ചു. ഒപ്പം എന്റെ സിനിമയിലേയ്ക്കും ക്ഷണിച്ചു. കഥ എന്റേതാണ്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനുവും. എങ്കിലും കഥാകാരന് എന്നുള്ള ഫുള്‍ ക്രെഡിറ്റും സോനുവിന് നല്‍കിയിരിക്കുകയാണ്. അവരും കടന്നുവരട്ടെ. സോനുവിന് തീര്‍ച്ചയായും നല്ലൊരു ഓപ്പണിംഗ് ആയിരിക്കും.’
‘ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിലേ ഉണ്ടാവൂ. ലാല്‍ കമ്മിറ്റ് ചെയ്ത രണ്ട് മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എമ്പുരാന്, തരുണ്‍ മൂര്‍ത്തി ചിത്രം, ഒരു കന്നഡ ചിത്രവും. പുനെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നല്ല തണുത്ത കാലാവസ്ഥയാണ് പൂനയിലേത്. അതും ഡിസംബറില്‍ ഷൂട്ട് ചെയ്യാന്‍ ഒരു കാരണമായിട്ടുണ്ട്. കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍.’
‘സോനുവിനെ കൂടാതെ ക്യാമറ ചലിപ്പിക്കുന്നത് പുതിയ തലമുറയിലുള്ള അനൂപ് മുത്തേടത്താണ്. സംഗീതസംവിധായകന് ജസ്റ്റിന് പ്രഭാകരനും പുതിയ തലമുറക്കാരനാണ്. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. സിദ്ധിക്ക് ചിത്രത്തിലുണ്ടാകും. മറ്റുള്ള കാസ്റ്റിംഗ് ഓരോന്നായി പുറത്തുവിടാനാണ് ഉദ്ദേശിക്കുന്നത്. ‘എന്നും എപ്പോഴി’ന് ശേഷം ആന്റണി പെരുമ്പാവൂരിനൊപ്പം ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.’ സത്യന് അന്തിക്കാട് പറഞ്ഞു.
Recent Comments