വടകര എംപിയായ ഷാഫി പറമ്പില്‍ കേരളത്തില്‍ ദൈവനാമത്തിലും ഡല്‍ഹിയില്‍ ദൃഢപ്രതിജ്ഞയും ചെയ്തത് എന്തുകൊണ്ട് എന്ന് എകെ ബാലന്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഉന്നയിച്ചത്. അതേസമയം ഷാഫി എംഎല്‍എ എന്ന നിലയില്‍ കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലുമായിരുന്നു. ഇത് എന്തുകൊണ്ടാണെന്നാണ് ബാലന്റെ ചോദ്യം. അതിനു ഷാഫി മറുപടി പറഞ്ഞിട്ടില്ല. ഡല്ഹിയിലെത്തിയപ്പോഴുണ്ടായ ഈ മാറ്റത്തെ ബാലന് സ്വാഗതം ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് എകെ ബാലന്റെ ഫേസ് ബുക്കിന്റെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു.
ഫേസ്ബുക്ക് പേജില്‍ കുറച്ചു ദിവസങ്ങളായി ഞാന്‍ പോസ്റ്റുകള്‍ ഇടാറില്ല. ഈ കുറിപ്പ് ഇടാന്‍ നിര്ബന്ധിക്കപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ പത്ര, ദൃശ്യമാധ്യമങ്ങളില്‍ പ്രാധാന്യത്തോടു കൂടി വരേണ്ട ഒരു വാര്‍ത്ത എന്തുകൊണ്ട് തമസ്ക്കരിച്ചു എന്നറിയില്ല. കാര്യം ഇതാണ്; പാലക്കാട്ടുകാരനായ വടകര എംപി ശ്രീ. ഷാഫി പറമ്പില്‍ ലോക്സഭയില്‍ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. എന്തുകൊണ്ട് ഈ മാറ്റം ഉണ്ടായെന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. സത്യപ്രതിജ്ഞ ചെയ്ത 99 കോണ്‍ഗ്രസ് എംപിമാരില്‍ എന്റെ അറിവില്‍ പെട്ടിടത്തോളം ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തില്‍ ആണ് പ്രതിജ്ഞ എടുത്തത്. ഷാഫി ദൃഢ പ്രതിജ്ഞയും.
കേരള നിയമസഭയിലെ രേഖകള്‍ പ്രകാരം അവിടെ രണ്ടുപ്രാവശ്യവും ദൈവനാമത്തിലാണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഉണ്ടായ ഈ മാറ്റം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ദൃഢപ്രതിജ്ഞ എടുത്തത് ഒരു നല്ല കാര്യമെന്നാണ് വ്യക്തിപരമായി ഞാന്‍ കാണുന്നത്.
നെഹ്റു ആദ്യം മുതല്‍ അവസാനം വരെ ദൃഢപ്രതിജ്ഞയാണ് ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആദ്യം ദൃഢപ്രതിജ്ഞയാണെടുത്തതെങ്കിലും പിന്നീട് മാറി. അതിന് അവരുടേതായ കാരണങ്ങളുണ്ട്. ഷാഫിക്ക് ഉണ്ടായ ഈ മാറ്റത്തിന്റെ കാരണമറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
നോമ്പുകാലത്തായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം. നോമ്പുമെടുത്ത്, അഞ്ചു നേരം നിസ്കരിച്ച കറകളഞ്ഞ ഒരു വിശ്വാസിയാണ് ഷാഫി. അതായത്, ഈമാനുള്ള നല്ല മനുഷ്യന്. ഖുറാനില്‍ ഒരു വാചകമുണ്ട്. അത് പ്രവാചകന് സൂചിപ്പിച്ചതാണ്. നിരീശ്വരവാദികളെ നിങ്ങള്‍ക്ക് വിശ്വസിക്കാം; പക്ഷേ കപട വിശ്വാസികളെ വിശ്വസിക്കരുത്. അവരെ മുനാഫിക്കുകള്‍ എന്നാണ് വിളിക്കാറ്. ബിജെപി ഭരണത്തിന് കീഴില്‍ മത ന്യൂനപക്ഷങ്ങളില്‍ പെട്ട ചിലര്‍, ഭരണത്തലവന്മാര് ഉള്‍പ്പെടെ, ആര്‍എസ്എസിന്റെ വക്കാലത്ത് പിടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാലമാണിത്. സന്ദര്‍ഭവശാല്‍ ഇക്കാര്യങ്ങള്‍ ഒന്ന് സൂചിപ്പിക്കുന്നുവെന്നു മാത്രം.
എന്തായാലും ഷാഫി കാട്ടിയിട്ടുള്ള ഈ സമീപനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ മാറ്റത്തിന്റെ കാരണം പൊതുസമൂഹത്തോട് ഒന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും.
Recent Comments