സമകാലീന സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയില്‍ ഏറെ കൗതുകമായ ഒരു പരമ്പരയാണ് മറിമായം. ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കള്‍ക്കും
പുറമേ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠന് പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സപ്ത തരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂലൈ 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
പഞ്ചായത്തു ജെട്ടി പുതിയ കഥയാണ്. പ്രധാനമായും യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു നാട്ടിന്‍പുറത്തിന്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍, അവര്‍ക്കിടയിലെ കിടമത്സരങ്ങള്‍… രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഈ ചിത്രത്തിലൂടെ, സമകാലീന പ്രശ്നങ്ങളോടെ തന്നെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് സംവിധായകര്‍. ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിന്റെ പ്രതീകങ്ങളാണ്.
ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പഞ്ചായത്തിന്റെ പ്രസിഡന്റും മെംബര്‍മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. വളരെ റിയലിസ്റ്റിക്കായും ഒപ്പം നര്‍മ്മത്തിന്റെ അകമ്പടിയോടെയുമവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്ന ഓരോ വിഷയങ്ങളും നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ തന്നെയാകുന്നത് ഈ ചിത്രത്തെ പ്രേക്ഷകനുമായി ഏറെ അടുപ്പിക്കുന്നതാണ്.
മണികണ്ഠന് പട്ടാമ്പി, സലിം ഹസന്, സലിം കുമാര്‍, നിയാസ് ബക്കര്‍, റിയാസ്, വിനോദ് കോവൂര്‍, രചനാ നാരായണന്‍കുട്ടി, സ്നേഹാ ശ്രീകുമാര്‍, ഉണ്ണി രാജാ, രാഘവന്, മണി ഷൊര്‍ണൂര്‍, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണന്, ഉണ്ണി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ക്രിഷ് കൈമള്‍, എഡിറ്റിംഗ്- ശ്യാം ശശിധരന്, കലാസംവിധാനം- സാബു മോഹന്‍, മേക്കപ്പ്- ഹസന് വണ്ടൂര്‍, കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അശ്വിന് മോഹന്‍, അനില്‍ അലക്സാണ്ടര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- പ്രേം പെപ്കോ, ബാലന് കെ. മങ്ങാട്ട്, ഓഫീസ് നിര്‍വ്വഹണം- ജിതിന് ടി. വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍- അതുല്‍ അശോക്
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- പ്രഭാകരന് കാസര്‍കോഡ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാബുരാജ് മനിശ്ശേരി. പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര.
Recent Comments