ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 125-ാം വകുപ്പ് പ്രകാരം മുസ്ലിം സ്ത്രീക്ക് ഇതിന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ ഒരു മുസ്ലിം യുവാവ് നല്കിയ ഹര്‍ജിയിലാണ് കോടതിവിധി.
മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, സിആര്‍പിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനില്‍ക്കില്ലെന്ന് യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസിയിലെ 125-ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീല്‍ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
Recent Comments