പതിനാലാം കേരള നിയമസഭയുടെ കാലാവധി ജൂണ്‍ 1 ന് അവസാനിക്കുകയാണ്. അതിനുമുമ്പായി ഇലക്ഷന് നടക്കണം. അതാണ് ചട്ടം.
മെയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന് കമ്മീഷനും പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ക്കിടയിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
സ്ഥാനാര്‍ത്ഥികളാകാന്‍ ഇടയുള്ളവരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കാനുള്ള മാധ്യമമത്സരം നടക്കാന്‍ പോകുന്നത് ഇനിയാണ്. പാര്ട്ടികേന്ദ്രങ്ങളില്നിന്നോ അടുത്ത അനുയായികളില്നിന്നോ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല’ എന്ന് പറയുന്നതുപോലൊരു അഭ്യാസം മാത്രമാണിത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന് സുരേഷ്ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.
എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.
നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്ഗോപി. നിഥിന് രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.
Recent Comments