ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ആഡംബര വിവാഹം ഇന്ന് (ജൂലൈ 12) നടക്കും. മുബൈയിലാണ് ഈ ആര്‍ഭാട വിവാഹം. അയ്യായ്യിരം കോടി രൂപ പൊടിച്ച് നാല് മാസത്തോളം നീണ്ട ആഘോഷ പരിപാടികള്‍ക്കൊടുവില്‍ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനി രാധികാ മെര്‍ച്ചന്റിന് താലി കെട്ടും. വൈകിട്ട് മൂന്ന് മണിയോടെ ബാന്ദ്ര ബികെസിയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ ചടങ്ങുകള്‍ ആരംഭിക്കും. കണ്വെന്ഷന് സെന്റര്‍ പരിസരത്തേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയോടെ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊലീസും അറിയിക്കുന്നു.
ഏകദേശം 4000 കോടി മുതല്‍ 5000 കോടി വരെയാണ് വിവാഹത്തിനായി മുകേഷ് അംബാനി മുടക്കുന്നത്. എന്‍.സി. ഫിനാന്‍ഷ്യല്‍ അഡ്വവൈസറി സര്‍വീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ നിതിന്‍ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയിലെ സാധാരണ വിവാഹങ്ങള്‍ക്ക് മുടക്കുന്ന അത്രയും തുക അംബാനി ചെലവഴിക്കുന്നില്ലത്രെ. അതിനു പറയുന്ന ന്യായീകരണം ഇങ്ങനെ. സാധാരണ മൊത്ത ആസ്തിയുടെ പത്ത് ശതമാനം തുകയാണ് വിവാഹത്തിന് വേണ്ടി ഇന്ത്യക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ മൊത്തം ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് അംബാനി കുടുംബം ആനന്ദിന്റെ വിവാഹത്തിനായി ചെലവഴിക്കുന്നത്. 50 ലക്ഷം മുതല്‍ ഒരു കോടി വരെ ആസ്തിയുള്ളവര്‍ മുടക്കുക പത്ത് മുതല്‍ 15 ലക്ഷം വരെയാണ്. പത്ത് കോടി ആസ്തിയുള്ളവര്‍ ഒന്നരക്കോടി വരെ വിവാഹത്തിനായി ചിലവഴിക്കും. എന്നാല്‍ അംബാനി കുടുബത്തിന്റെ ആസ്തി പത്ത് ലക്ഷം കോടിക്ക് മുകളിലാണ്. ഈ കണക്കുകള്‍ പ്രകാരമാണെങ്കില്‍ ഒരു ലക്ഷം കോടിക്ക് മുകളില്‍ അംബാനി കുടുംബം വിവാഹത്തിനായി ചെലവഴിക്കണം. എന്നാല്‍ വെറും അയ്യായിരം കോടി മാത്രമാണ് ചെലവഴിക്കുന്നത്.
ദരിദ്ര രാജ്യമായ ഇന്ത്യയിലാണ് ഇതുപോലുള്ള ആര്‍ഭാട വിവാഹം നടക്കുന്നത്. മുകേഷ് അംബാനി നടത്തുന്ന ആര്‍ഭാട വിവാഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
Recent Comments