സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്. ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സിനിമ സഞ്ചരിക്കുന്നുണ്ട്.
സുജിത് ലാലാണ് രണ്ടിന്റെ സംവിധായകന്. സംസ്ഥാന പുരസ്ക്കാരങ്ങള്‍ക്കര്‍ഹമായ നോട്ടീസുവണ്ടി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സുജിത് ലാല്‍.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. ദര്‍ബോണി, തടിയനും മുടിയനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ബിനുലാല്‍ ഉണ്ണി. സുജിത് ലാല്‍ സംവിധാനം ചെയ്ത നോട്ടീസു വണ്ടിയുടെ രചനയും ബിനുലാലിന്റേതായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രമായ ‘വാവ’യെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിന് പുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ. അന്നാ രേഷ്മ രാജനാണ് നായിക.
ഒപ്പം ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ഗോകുലന്, സുബീഷ് സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന്, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, പ്രീതി, മമിത ബൈജു എന്നിവരും അഭിനയിക്കുന്നു.
‘റിയലിസ്റ്റിക് ജോണറിലുള്ള ഒരു പൊളിറ്റിക്കല്‍ സറ്റയറായതു കൊണ്ടുതന്നെ വലിയ സമ്മേളനങ്ങളും മീറ്റിംഗുകളും ചിത്രത്തിലുടനീളം വരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങളുടെ അകമ്പടിയില്‍ കഥ പറയുന്ന സിനിമയായതിനാല്‍ വലിയ ക്യാന്‍വാസും വൈഡര്‍ ഫ്രെയിംസുമാണ് ചിത്രത്തില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. ഒപ്പം നാച്ച്വറല്‍ ലൈറ്റ്സും.’ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അനീഷ് ലാല്‍ പറഞ്ഞു.
ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പ്രേക്ഷകർ നെഞ്ചോടു ചേർത്ത ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.
Recent Comments