എം.ടി എന്ന രണ്ടക്ഷരം കാണാതായ കണ്ണാന്തളിപ്പൂക്കള്‍ പോലെയല്ല. എത്ര കാലം കഴിഞ്ഞാലും വിശ്വം മുഴുവന്‍ അത് വായിക്കപ്പെട്ടു കൊണ്ടെയിരിക്കും. ‘എം’ ഉം ‘ടി’ യും ചേര്‍ന്ന് നില്ക്കുമ്പോള് മൗനത്തിന്റെ ഒരു സൂചിമുന മനസ്സിലേക്ക് ആഴ്ന്നിറങ്ങും. തലമുറകളുടെ സ്നേഹവും വാത്സല്യവും അംഗീകാരവും ആരംഭകാലത്തെന്നോണം നിലനിര്‍ത്തുന്നവര്‍ അത്യപൂര്‍വമാണ്. എംടി വാസുദേവന്‍ നായര്‍ എന്ന ആ അപൂര്‍വ പ്രതിഭാസം ഇന്ന് നവതിയും കടന്ന് ഒരു വയസ്സ് കൂടി പിന്നിട്ടിരിക്കുകയാണ്.
ഒരു സര്ഗ്ഗപ്രവൃത്തിയുടെയും ജ്യാമിതിക്കുള്ളില്‍ എംടിയെ തളച്ചിടാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും മലയാള സിനിമയില്‍ എംടി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം അനിഷേധ്യമാണ്. ആദ്യ ചിത്രമായ മുറപ്പെണ്ണ് മുതല്‍ തന്നെ മലയാള സിനിമയുടെ അടിത്തറ പാകുന്നതിന് വിലമതിക്കാനാകാത്ത സംഭാവനകളൊണ് എംടി നല്‍കിയിട്ടുള്ളത്. കലാമൂല്യത്തിന്റെ ത്രാസില്‍ മഹത്തരമായ ഒരു സിനിമ തിയേറ്ററുകളില്‍ ജനപ്രീതി കൈവരിക്കുമ്പോഴാണ് ഒരു തിരക്കഥാകൃത്ത് ഔന്നത്യത്തില്‍ എത്തുന്നത്. ആ കാര്യത്തില്‍ എം ടി എന്ന തിരക്കഥാകൃത്ത് ആനയെ മയക്കുന്ന അരിങ്ങോടര് തന്നെയാണ്. നിര്‍മാല്യം കഴിഞ്ഞുള്ള കാലഘട്ടത്തില്‍ തിരക്കഥയുടെ രീതിശാസ്ത്രത്തെ എംടി സ്വയം ഭേദഗതി ചെയ്യുകയുമുണ്ടായി.
എംടിയുടെ തിരക്കഥകളിലെ ഈ മാറ്റത്തിന്റെ ഉത്ഭവസ്ഥാനം കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ്. ചുവന്ന മണല്‍ എന്ന എംടിയുടെ ചെറുകഥ ഇതേ പശ്ചാത്തലത്തില്‍ വന്നിട്ടുണ്ടെങ്കിലും, ചിത്രവും ചെറുക്കഥയുമായി ബന്ധങ്ങളൊന്നുമില്ല. ഒരു ഡോക്യുഫിക്ഷന് കഥാരീതിയാണ് ചിത്രത്തിനുള്ളത്. കഥ
ഒടിവും വളവും ഇല്ലാതെ പറയുക എന്നതില്‍ നിന്ന് മാറി സംഭവങ്ങളിലൂടെ വികസിക്കുന്ന തിരക്കഥയാണ് എംടി സൃഷ്ടിച്ചത്. പില്ക്കാലത്ത് എം ടിയുടെ ട്രേഡ് മാര്‍ക്കായി മാറിയ ‘ചെറിയ ചെറിയ ഡയലോഗുകള്‍’ ആദ്യമായി ഉള്‍പ്പെടുന്നതും കന്യാകുമാരിയിലാണെന്ന് വേണമെങ്കില്‍ പറയാം. മഹത്തരമായ ഒരു ചിത്രമെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും പഠനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കെല്‍പ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റേത്.
ഈ തിരക്കഥ സത്യത്തില്‍ എംടിയുടെ ഒരു റഫ് നോട്ടായിട്ടോ പരീക്ഷണശാലയായിട്ടോ വിലയിരുത്താം. ഇതിന് ശേഷം വന്ന ഇടവഴിയിലെ പൂച്ച മീണ്ടാപൂച്ച, ഓപ്പോള്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കന്യാകുമാരിയുടെ മറ്റൊരു തരത്തിലുള്ള പ്രതിധ്വനികള്‍ കാണാം. വളരെ സോളിഡായിട്ടുള്ള തിരക്കഥകളായിരുന്നു അവയെല്ലാം. നാടക വേദിയുടെ സംസ്കാരത്തില്‍ നിന്ന് മലയാള സിനിമ പൂര്‍ണമായി മോചിതമാകുന്നത് ഈ ചിത്രങ്ങളിലൂടെയും ഒപ്പം വന്ന പത്മരാജന് ചിത്രങ്ങളിലൂടെയുമാണ്.
ചെറുകഥ സിനിമയാക്കിയതില്‍ ഏറ്റവും മികവ് പുലര്‍ത്തിയ മലയാള ചിത്രങ്ങളില്‍ ഒന്ന് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയാണ്. ഇത്തരമൊരു വിഷയം കൈയ്യടക്കത്തേടെ കൈകാര്യം ചെയ്യുക എന്നത് ചിലപ്പോള്‍ എംടിക്ക് മാത്രം പറ്റുന്ന കാര്യമായിരിക്കാം. സഹതാപം പ്രേക്ഷകരില്‍ നിന്ന് അപേക്ഷിക്കുന്ന വില്ലേജ് ആപ്പീസറുടെ ഒപ്പുള്ള നീല കാര്‍ഡുമായി മുന്നില്‍ നിര്‍ത്തിയ കഥാപാത്രമായിരുന്നില്ല ഇടവഴിയിലെ മിണ്ടാപൂച്ചയിലെ രോഹിണി. മിണ്ടാ പൂച്ചകളുടെ അടയാളപ്പെടുത്തലായി തന്നെ രോഹിണിയെ വായിച്ചെടുക്കാം. എംടിയുടെ തിരക്കഥകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡായ ചിത്രം അനുബന്ധമാണ്. കുട്ടികളെ കുറിച്ചുള്ള ചിത്രങ്ങള്‍ എടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അനുബന്ധത്തിന് പകരം വെക്കാന്‍ ഒരു ചിത്രമില്ല.
ഫ്ളാഷ്ബാക്കുകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച തിരക്കഥാകൃത്താണ് എം.ടി. കഥയെ പലരുടെയും കാഴ്ചപാടിലൂടെ എംടി ഫ്ളാഷ്ബാക്കുകളുടെ സഹായത്തിലൂടെ കടത്തിവിടുന്നു. അതില്‍ എടുത്ത് പറയാവുന്ന ചിത്രങ്ങള്‍ അക്ഷരങ്ങള്‍, സദയം എന്നിവയാണ്. എം ടിയുടെ പ്രധാന കഥാപാത്രത്തിന് ഒരിക്കലും ഉപഗ്രഹങ്ങളുണ്ടാകാറില്ല. വാണിജ്യ സിനിമയില്‍ നായകന്റെ മനസ്സ് പ്രേക്ഷകനു മുന്നില്‍ തുറന്ന് കാണിക്കാന്‍ തിരക്കഥാകൃത്തുകള്‍ പരമ്പരാഗതമായി പിന്തുടരുന്ന വിദ്യയാണ് നായകന്റെ ഉപഗ്രഹം പോലെ നടക്കുന്ന സുഹൃത്ത്. പണി അറിയാവുന്ന തിരക്കഥാകൃത്തിന് ഇത്തരം വിദ്യകളുടെ സൗജന്യമൊന്നും ആവശ്യമില്ല എന്ന് എംടി തന്റെ തിരക്കഥകളിലൂടെ കാണിച്ചു തരുന്നു. ഒട്ടുമിക്ക കഥകളിലെയും നായകന്റെ അച്ഛന്റെ സ്ഥാനം ശൂന്യമാണ് എന്നതും ശ്രദ്ധയമായൊരു കാര്യമാണ്. എംടി എന്ന വ്യക്തിയുടെ സ്വാധീനം സൂത്രധാരനില്‍ അറിയാതെ കടന്നു വരുന്നതുമാകാം ഇവ രണ്ടും.
അപ്രധാന കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ക്ക് ഒരു കാലത്തും തിരക്കഥാകൃത്തുകള്‍ വില കൊടുക്കാറില്ല. കഥയെ ദിശ തെറ്റാതെ കാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇത്. എന്നാല്‍ ഒരേയൊരു ഡൈലോഗ് മാത്രമുള്ള തൂപ്പുകാരനാണെങ്കിലും, തന്റെ ജീവിത പശ്ചാത്തലത്തിന്റെ ഒരു പൂരിപ്പിക്കാത്ത കുത്ത് ആ ഡയലോഗില്‍ കൊണ്ടുവരാന്‍ എം ടിയുടെ തിരക്കഥകള്‍ക്ക് സാധിക്കാറുണ്ട്. ഉദ്ധരണികളെ ഏച്ചുകെട്ടലില്ലാതെ അവതരിപ്പിക്കുന്നതിലും എംടിയെ മറികടക്കാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഉയരങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു സീനില്‍ തന്നെ ചങ്ങമ്പുഴയുടെ കവിതയും ഷേക്സ്പിയറിന്റെ ഡയലോഗും ഒന്നിച്ച് പിന്നി കെട്ടിവെച്ചിരിക്കുന്നു. പാരഫെര്ണാര്യോ, ഫ്രിജിഡ് തുടങ്ങി സാധാരണക്കാരന് പരിചിതമല്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ആറ്റിക്കുറുക്കി അര്‍ത്ഥം മനസ്സിലാകും വിധത്തില്‍ ഡൈലോഗില്‍ ഇടകലര്‍ത്താനും എംടിക്ക് വിദഗ്ദമായി സാധിച്ചിട്ടുണ്ട്.
ഇത്രയുമൊന്നുമല്ല എംടിയുടെ തിരക്കഥകള്‍, ഇതിനുമേറെ അപ്പുറമാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത വായനകള്‍ എംടിയുടെ തിരക്കഥകള്‍ അര്‍ഹിക്കുന്നു. എന്നിരുന്നാലും, എംടി യോടൊപ്പം ജീവിച്ചിരിക്കുന്നതിലെ ആഹ്ലാദമാണ് ഈ നിമിഷത്തിന്റെ ധന്യത. അക്ഷരങ്ങളുടെ തച്ചുശാസ്ത്രവും തത്ത്വശ്വാസ്ത്രവും മലയാളിക്ക് പറഞ്ഞു തന്ന എഴുത്തിന്റെ പെരുന്തച്ചനായ എംടിക്ക് ജന്മദിനാശംസകള്.
Recent Comments