മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിന്റെ ഷൂട്ടിംഗ് ഹൈദ്രബാദില്‍ തുടങ്ങിയത് ജനുവരി 6 നാണ്. തൊട്ടടുത്ത ദിവസമായിരുന്നു റഹ്മാന് ജോയിന്‍ ചെയ്തത്. രാമോജി ഫിലിം സിറ്റിയില്‍ പണി കഴിപ്പിച്ച പൊന്നിയിന്‍ ശെല്‍വത്തിന്റെ കൂറ്റന്‍ സെറ്റിനകത്തിരുന്നുകൊണ്ട് റഹ്മാന് സംസാരിച്ചു.
‘ഏതൊരു അഭിനേതാവിന്റെയും സ്വപ്നമാണ് മണിരത്നത്തെപ്പോലൊരു ഫിലിം മേക്കറുടെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. അതിനുള്ള ഭാഗ്യം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെത്തേടി എത്തിയിരുന്നു. പക്ഷേ ആ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതുകൊണ്ട് ഉപേക്ഷിച്ചു. അപ്പോഴും എന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒരു ക്ഷണം കിട്ടി. ഇത്തവണ പൊന്നിയിന്‍ ശെല്‍വത്തിനുവേണ്ടിയായിരുന്നു. ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നാലാമത്തെ നടനായിരുന്നു ഞാനപ്പോള്‍. എന്നിട്ടും ആ വിവരം രഹസ്യമായി സൂക്ഷിച്ചു. സിനിമയാണ്, എന്തും സംഭവിക്കാം. ഷൂട്ടിം തുടങ്ങിയതിനുശേഷം അറിയിക്കാമെന്ന് കരുതി കാത്തിരുന്നു.’ റഹ്മാന് പറഞ്ഞുതുടങ്ങി.
‘ചോളരാജ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് പൊന്നിയിന്‍ ശെല്വന്. അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ എം.ജി.ആര്. മുതലുള്ള അഭിനേതാക്കള്‍ ശ്രമം തുടങ്ങിയതാണ്. പിന്നീട് ശിവാജി ഗണേശനും കമലഹാസനുമൊക്കെ ആ സ്വപ്നത്തിനു പിന്നാലെ കുറെ സഞ്ചരിച്ചിരുന്നവരായിരുന്നു. അവരിലൂടെയെല്ലാം കയ്യൊഴിയപ്പെട്ട കഥാപാത്രമാണ് ഇപ്പോള്‍ മണിരത്നത്തിലൂടെ ജീവന് വയ്ക്കുന്നത്.’
‘ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടി.വി. പൊന്നിയിന്‍ ശെല്‍വത്തെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സീരിയല്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ തേടി വന്നത് എന്നെയായിരുന്നു. പിന്നീട് ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.’
‘പക്ഷേ ചിലത് ചിലര്‍ക്കായി കാലം കരുതിവയ്ക്കുമെന്ന് പറയാറില്ലേ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്നിലേയ്ക്കുതന്നെ അത് കറങ്ങിത്തിരിഞ്ഞെത്തുകയായിരുന്നു, പൊന്നിയിന്‍ ശെല്‍വനായിട്ടല്ലെന്നു മാത്രം. പൊന്നിയിന്‍ ശെല്‍വനോളം തുല്യ പ്രാധാന്യമുള്ള എട്ടോളം കഥാപാത്രങ്ങള്‍ അതില്‍ വേറെയും ഉണ്ട്. അതിലൊന്നാണ്.’
‘ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, രണ്ട് വര്‍ഷം മുമ്പാണ് ഈ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന്. അന്നുമുതല്‍തന്നെ ഞങ്ങള്‍ക്ക് പരിശീലനവും കിട്ടിത്തുടങ്ങിയിരുന്നു. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും വിക്രമും കാര്‍ത്തിയും ജയംരവിയും അടക്കമുള്ള ചിലര്‍. വാള്‍പയറ്റിലും കുതിരസവാരിയിലുമായിരുന്നു പ്രധാനമായും പരിശീലനം. കാലക്കേടിന് ഷൂട്ടിംഗ് നീണ്ടു പൊയ്ക്കൊണ്ടിരുന്നു. കൊറോണയും ലോക്ക് ഡൗണും എത്തിയതോടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അനിശ്ചിതമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഈ പ്രോജക്ട് നടക്കുമോ എന്നുപോലും ഭയന്നു. ഏതായാലും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് പൊന്നിയിന്‍ ശെല്വന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.’
‘എന്റെ കഥാപാത്രത്തിന്റെ മേക്കോവറിനായി രണ്ട് ഓപ്ഷനുകളാണ് ഡയറക്ടര്‍ നല്‍കിയത്. ഒന്നുകില്‍ തലയിലെ കുറ്റിമുടി മെയ്ന്റൈന്‍ ചെയ്യണം അല്ലെങ്കില്‍ മുടി നീട്ടി വളര്‍ത്തണം. കുറ്റിമുടി പരിപാലിക്കാന്‍ നിന്നാല്‍ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് മുടി നീട്ടി വളര്‍ത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ മുടി നീട്ടിവളര്‍ത്തിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. എന്നിട്ടും പറഞ്ഞ സമയത്തൊന്നും ഷൂട്ടിംഗ് തുടങ്ങാനായില്ല. നേരത്തേ പൂര്‍ത്തീകരിക്കാനുള്ള സിനിമയില്‍ എനിക്ക് ജോയിന്‍ ചെയ്യണമായിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി തല്‍ക്കാല്‍ മുടി മുറിച്ച് അഭിനയിച്ചു. അത് മണിരത്നം സാറിന് ഇഷ്ടമായില്ല. എങ്കിലും എനിക്ക് അദ്ദേഹം ഒരു പരിഗണന നല്കി. റഹ്മാനൊഴികെ മറ്റൊരാള്‍ക്കും വിഗ് നല്‍കരുതെന്നായിരുന്നു കല്‍പ്പന.’
‘ഇന്നലെ മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ലോകസുന്ദരി ഐശ്വര്യറായിക്കൊപ്പമായിരുന്നു എന്റെ ആദ്യ സീന്‍. ഏതൊരഭിനേതാവിനും ചില ആഗ്രഹങ്ങളുണ്ടാകുമല്ലോ. ഇന്ന അഭിനേതാവിനോടൊപ്പം സ്ക്രീന്‍ സ്പെയ്സ് ഷെയര്‍ ചെയ്താല്‍ കൊള്ളാമെന്നൊക്കെ. എനിക്കുമുണ്ടായിരുന്നു അങ്ങനെ ചില ആഗ്രഹങ്ങള്‍. അതിലൊന്ന് സില്‍ക്ക് സ്മിതയോടൊപ്പം അഭിനയിക്കണമെന്നായിരുന്നു. പക്ഷേ അത് നടന്നില്ല. രണ്ടാമത്തെയാള്‍ ഐശ്വര്യറായിയാണ്. ലോകസുന്ദരീപട്ടം നേടിയ സ്ത്രീയാണ്. അവര്‍ക്ക് അഹങ്കാരവും തലക്കനവുമുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെയും ചില ടെക്നീഷ്യന്‍മാരില്‍നിന്നൊക്കെ ഞാനും കേട്ടിരുന്നു. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് അവരുടെ മഹത്വം മനസ്സിലായത്. വളരെ ഡൗണ്‍ടു എര്‍ത്താണ്. എന്നോടൊപ്പം അഭിനയിക്കാന്‍ നില്ക്കുമ്പോള് അവരും എക്സൈറ്റഡായിരുന്നു. റഹ്മാന് സാര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിസംബോധന. സാര്‍ വിളി ഒഴിവാക്കണമെന്ന് ഞാനവരോട് പറഞ്ഞു. ഞാന്‍ എത്രയോ സീനിയര്‍ ആക്ടറാണെന്നായിരുന്നു അവരുടെ മറുപടി. വളരെ പെട്ടെന്ന് അവരുമായി അടുത്തു. ഞാന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞപ്പോള്‍, കുട്ടികള്‍ക്ക് എത്ര വയസുണ്ടെന്നാണ് അവര്‍ അന്വേഷിച്ചത്. ഊഹിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മൂത്ത കുട്ടിക്ക് എട്ട് വയസ്സുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. മോളുടെ യഥാര്‍ത്ഥ വയസ്സ് കേട്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ ഐശ്വര്യ പറഞ്ഞു, അഭിഷേകും മകളും വരുന്നുണ്ടെന്ന്. ഞാനവരെ കാത്തിരുന്നു. ഐശ്വര്യതന്നെയാണ് എന്നെ അഭിഷേകിനെ പരിചയപ്പെടുത്തിയത്. ഞാനാദ്യമായിട്ടാണ് അഭിഷേകിനെ കാണുന്നത്. അധികം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കൂടിക്കാഴ്ച മറക്കാനാകില്ല. അതിനുശേഷമാണ് ഞാന്‍ മുറിയിലേയ്ക്ക് മടങ്ങിയത്.’
‘എല്ലാവരും കരുതുന്നതുപോലെ പൊന്നിയിന്‍ശെല്‍വന്‍ ഒരു ഹിസ്റ്റോറിക് മൂവി ഒന്നുമല്ല. ഫിക്ഷന്‍ പ്രാധാന്യമുള്ള കഥയാണ്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. ബിഗ് കാന്‍വാസിലാണ് ചിത്രീകരണം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരടക്കം മുന്നൂറോളം പേരാണ് ചിത്രീകരണത്തില്‍ ഒരേസമയം പങ്കെടുക്കുന്നത്.’ റഹ്മാന് പറഞ്ഞുനിര്‍ത്തി.
Recent Comments