കഴിഞ്ഞ ദിവസം നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. തെറ്റിദ്ധാരണകള്‍ ഉണ്ടാകുമെന്ന് കരുതി ആ കുറിപ്പിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാമ.
നടി ഭാമ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകള്‍ ഇങ്ങനെ-
‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം??? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ച് പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും.
ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്.
വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ… ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തുനിന്നും എത്രയും വേഗം…’
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് കൂടുതല്‍ വിശദീകരണവുമായി മറ്റൊരു പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
‘ഇന്നലെ ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടവരിക, കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്.
‘അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതേ എന്നാണ്.’ വിവാഹശേഷമാണേല് സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല.
അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാകുമെന്ന് കരുതുന്നു. നന്ദി.’
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷാചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷം താരം സിനിമാതിരക്കുകളില്നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2020 ജനുവരിയിലായിരുന്നു ഭാമ-അരുണ്‍ വിവാഹം നടന്നത്. ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒരിവാക്കിയതും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാന കാരണം. കുറച്ചു നാള്‍ക്കുമുമ്പ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു സിംഗിള്‍ മദര്‍ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്ന് പറഞ്ഞത്.
Recent Comments